മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍

ന്യൂഡല്‍ഹി നവംബര്‍ 12: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിലപാടറിയിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്ന സമയം.

തെരഞ്ഞെടുപ്പ് ഫലം വന്ന് 20 ദിവസം കഴിഞ്ഞിട്ടും തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച് കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നു. ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നത്. ഈ അനിശ്ചിതാവസ്ഥ ഒഴിവാക്കാനാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. ഗവര്‍ണറുടെ റിപ്പോര്‍ട്ട് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും.

ബിജെപി 105, ശിവസേന-56, എന്‍സിപി- 54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണ് കക്ഷിനില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി ശിവസേന തെറ്റിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷട്രീയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യ ക്ഷണിച്ചെങ്കിലും അവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. എന്‍സിപിക്ക് നല്‍കിയിരുന്ന സമയം ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് അവസാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →