ന്യൂഡൽഹി / 2026 / ഒക്ടോബർ 15
ആയുർവേദത്തിലൂടെയുള്ള കുട്ടികളുടെ ആരോഗ്യപരിചരണം ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനം ‘കൗമാരകോൺ 2026’ ഇന്ന് ന്യൂഡൽഹിയിൽ തുടങ്ങും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സരിത വിഹാർ ക്യാമ്പസിൽ ഒക്ടോബർ 17 വരെയാണ് പരിപാടി. ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ധർ, അധ്യാപകർ, ഗവേഷകർ, ചികിത്സകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. ആയുർവേദ ബാലചികിത്സയിലെ മുന്നേറ്റങ്ങൾ, ഗവേഷണം, ചികിത്സാരീതികൾ എന്നിവ ചർച്ചയാകും. ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുമായ പ്രതാപ്റാവു ജാധവ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച, നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അധ്യക്ഷ ഡോ. മനീഷ ഉപേന്ദ്ര കോതേകർ എന്നിവരും ചടങ്ങിലുണ്ടാകും.
പത്താം വർഷത്തിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട്; വിദ്യാഭ്യാസത്തിലും ചികിത്സയിലും മുന്നേറ്റം
ഇൻസ്റ്റിറ്റ്യൂട്ടിന്റെ യാത്രയും നേട്ടങ്ങളും ഡയറക്ടർ പ്രൊഫ. വൈദ്യ പി. കെ. പ്രജാപതി വിശദീകരിച്ചു. 2002-ൽ ആശയം രൂപപ്പെട്ട സ്ഥാപനത്തെ 2017-ലാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഇപ്പോൾ സ്ഥാപനം പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ആയുർവേദ വിദ്യാഭ്യാസം, രോഗീപരിചരണം, ഗവേഷണം എന്നിവയിൽ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ കിടത്തിച്ചികിത്സയ്ക്കായി ഇരുനൂറിലധികം കിടക്കകളും ആധുനിക രോഗനിർണയ സൗകര്യങ്ങളുമുണ്ട്. 2022-ൽ ഗോവയിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതോടെ സ്ഥാപനത്തിന്റെ പ്രവർത്തനവ്യാപ്തി കൂടുതൽ വിപുലമായി. കുട്ടികളുടെ ആരോഗ്യം ഉൾപ്പെടെയുള്ള പ്രത്യേക ആയുർവേദ ചികിത്സാമേഖലകളെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതിബദ്ധതയാണ് കൗമാരകോൺ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിരുദാനന്തര പഠനത്തിനും പി.എച്ച്.ഡി. ഗവേഷണത്തിനുമായി ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. നാക് എ പ്ലസ് പ്ലസ് അംഗീകാരവും ലഭിച്ചിട്ടുണ്ട്. ആശുപത്രിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സിന്റെ അംഗീകാരമുണ്ട്. അക്കാദമിക ഗവേഷണം, സ്ഥാപനത്തിനകത്തും പുറത്തുമുള്ള ഗവേഷണപദ്ധതികൾ, വ്യവസായ സ്ഥാപനങ്ങൾ ധനസഹായം നൽകുന്ന ഗവേഷണങ്ങൾ എന്നിവയും ഇവിടെ നടക്കുന്നു. മൂന്ന് ഗവേഷണ ജേണലുകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
നവജാതശിശു പരിചരണം മുതൽ അർബുദ ചികിത്സ വരെ
കുട്ടികളുടെ ആരോഗ്യവും ക്ഷേമവും കേന്ദ്രീകരിക്കുന്ന ആയുർവേദത്തിലെ പ്രത്യേക ശാഖയാണ് കൗമാരഭൃത്യം. വളർച്ചയും വികാസവും, പോഷണം, പ്രതിരോധശേഷി, മാനസികാരോഗ്യം, കുട്ടികളിലെ രോഗങ്ങളുടെ ചികിത്സ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ കൗമാരഭൃത്യ വിഭാഗം പുറംരോഗി സേവനവും കിടത്തിച്ചികിത്സയും നൽകുന്നു. നവജാതശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗം, വാക്സിനേഷൻ, മാനസികാരോഗ്യ പരിചരണം, ചർമപരിചരണം എന്നിവയും ലഭ്യമാണ്. കുട്ടികളിലെ അർബുദ ചികിത്സയ്ക്കായി പ്രത്യേക പുറംരോഗി സേവനവുമുണ്ട്. ദിവസവും ഏകദേശം 120 മുതൽ 150 വരെ കുട്ടികളാണ് പുറംരോഗി വിഭാഗത്തിലെത്തുന്നത്. കുട്ടികളുടെ നാഡീരോഗങ്ങൾ, ചർമരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, അനുബന്ധ മേഖലകൾ എന്നിവയിലെ പരിശോധനയ്ക്കും ഗവേഷണത്തിനുമായി ‘കിൻഡർ ലാബ്’ എന്ന പ്രത്യേക രോഗനിർണയ സംവിധാനവും വിഭാഗം ഒരുക്കിയിട്ടുണ്ട്. ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കാൻ കുട്ടികളുടെ ആരോഗ്യവും ക്ഷേമവും അടിസ്ഥാനമാണെന്ന് വിഭാഗം മേധാവിയും സമ്മേളനത്തിന്റെ സംഘാടക അധ്യക്ഷനുമായ പ്രൊഫ. ഡോ. രാജഗോപാല എസ്. പറഞ്ഞു. പോഷണവും പ്രതിരോധശേഷിയും മുതൽ ശാരീരിക വളർച്ച, മാനസികക്ഷേമം, രോഗചികിത്സ എന്നിവ വരെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യാവശ്യങ്ങളാണ് കൗമാരഭൃത്യം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയ ആശയവിനിമയത്തിനും ഗവേഷണഫലങ്ങൾ പങ്കുവയ്ക്കുന്നതിനും ആയുർവേദ ബാലചികിത്സാ രംഗത്തുള്ളവരുടെ സഹകരണത്തിനും സമ്മേളനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ഞൂറിലധികം പങ്കാളികൾ; 175-ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ
കൗമാരകോൺ സമ്മേളനത്തിന്റെ മൂന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. മുൻ സമ്മേളനങ്ങൾ 2019-ലും 2023-ലും രാജസ്ഥാനിലെ ജോധ്പുർ ആയുർവേദ സർവകലാശാലയിലാണ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ, അധ്യാപകർ, ചികിത്സകർ, ബിരുദാനന്തര ഗവേഷകർ, വിദ്യാർഥികൾ എന്നിവരടക്കം അഞ്ഞൂറിലധികം പേർ ഇത്തവണ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബ്രസീൽ, അമേരിക്ക, ജർമനി, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലെ വിദഗ്ധർ ഓൺലൈനായും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കംപ്യൂട്ടർ സഹായത്തോടെയുള്ള ഔഷധ രൂപകൽപ്പനയായ ആയുർ ഇൻഫർമാറ്റിക്സ്, കുട്ടികളിലെ രോഗനിർണയം എന്നിവയിൽ സമ്മേളനത്തിന് മുന്നോടിയായുള്ള ശിൽപ്പശാല ശാസ്ത്രീയ പരിപാടിയിൽ ഉൾപ്പെടുന്നു. ഒരു പ്രത്യേക പ്രഭാഷണം, അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സെഷൻ ഉൾപ്പെടെ ആറു ശാസ്ത്രീയ സെഷനുകൾ, ഒരേസമയം നടക്കുന്ന പന്ത്രണ്ട് സമാന്തര സെഷനുകൾ എന്നിവയുമുണ്ടാകും. 175-ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഗവേഷണഫലങ്ങളും ചികിത്സാനുഭവങ്ങളും ആയുർവേദ ബാലചികിത്സയിലെ നൂതന സമീപനങ്ങളും പങ്കുവയ്ക്കാൻ ചർച്ചകൾ അവസരമൊരുക്കും. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ സംവാദം പ്രോത്സാഹിപ്പിക്കുക, വിവിധ പഠനശാഖകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, കുട്ടികളുടെ സമഗ്ര ആരോഗ്യപരിചരണത്തിൽ ആയുർവേദത്തിന്റെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ഒക്ടോബർ 17-ന് സ്ഥാപകദിനാഘോഷത്തോടെ സമാപനം
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ സ്ഥാപകദിനാഘോഷത്തോടെ ഒക്ടോബർ 17-ന് ത്രിദിന പരിപാടി സമാപിക്കും. സ്ഥാപനത്തിന്റെ രൂപീകരണം, വളർച്ച, ആയുർവേദ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഗവേഷണം എന്നീ മേഖലകളിലെ സംഭാവനകൾ എന്നിവ ആഘോഷത്തിൽ അനുസ്മരിക്കും. പഠനമികവ്, രോഗീപരിചരണം, ഗവേഷണം, പ്രത്യേക ചികിത്സാസേവനങ്ങളുടെ വികസനം എന്നിവയിലെ നേട്ടങ്ങളും അവതരിപ്പിക്കും. അധ്യാപകർ, വിദ്യാർഥികൾ, ഗവേഷകർ, ചികിത്സകർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കൗമാരകോൺ സമ്മേളനത്തിലൂടെയും സ്ഥാപകദിനാഘോഷത്തിലൂടെയും കുട്ടികൾക്കുള്ള പ്രത്യേക ആരോഗ്യപരിചരണം പ്രോത്സാഹിപ്പിക്കാനും ശാസ്ത്രീയ ഗവേഷണം ശക്തിപ്പെടുത്താനും അറിവുകൾ കൈമാറാനും ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന് ആയുർവേദം നൽകുന്ന സംഭാവനകൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും പരിപാടികൾ സഹായിക്കുമെന്നാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ.
.