കൊൽക്കത്ത: പശ്ചിമബംഗാളിന് ലഭ്യമാകേണ്ട കേന്ദ്ര സർക്കാരിൽ നിന്നുള്ള ജി.എസ്.ടി. വിഹിതവും നഷ്ടപരിഹാരവും ലഭ്യമാക്കിയില്ലെങ്കിൽ ബംഗാളിൽ തെരുവിലിറങ്ങി സമരം ചെയ്യുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി.
കേരളവും ബംഗാളും ഉൾപ്പെടെ ബി.ജെ.പി ഭരണമില്ലാത്ത ആറ് സംസ്ഥാനങ്ങൾ തങ്ങളുടെ ജി.എസ് .ടി വരുമാനം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
എന്നാൽ കോവിഡ് കാരണം മൂന്നു ലക്ഷം കോടി രൂപയുടെ ഇടിവ് ജി.എസ്. ടി വരുമാനത്തിൽ ഉണ്ടായി എന്നും സംസ്ഥാനങ്ങളുടെ ആവശ്യത്തിനായുള്ള പണം കടം വാങ്ങാനായി അവസരം ഒരുക്കാം എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ജി.എസ്. ടി വിഹിതം കടം വാങ്ങി നികത്താൻ സാധിക്കില്ലെന്നാണ് മമതയുടെ നിലപാട്. കേന്ദ്രം തന്നെ കടം വാങ്ങി അത് സംസ്ഥാനങ്ങൾക്കു നൽകണമെന്ന് മമത ആവശ്യപ്പെട്ടു. ഈ മാസം 8,14, 20 തീയതികളിൽ ബംഗാളിലെ തെരുവുകളിൽ സമരത്തിനായി മമത ഇറങ്ങും.

