തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ രൂക്ഷ വിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ. കണ്ണൂരിലെ പൊതുയോഗത്തിൽ പിണറായി വിജയൻ തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ കാരണങ്ങൾ ചർച്ച ചെയ്യാതെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ പരാജയത്തിന് സ്ഥാനാർഥികളെ കുറ്റപ്പെടുത്തിയെന്നാണ് ടി കെ ഗോവിന്ദന്റെ ആരോപണം. ഇത് ഏത് തരത്തിലുള്ള പാർട്ടി രീതിയാണെന്നും അദ്ദേഹം ചോദിച്ചു.
‘കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന് വിരുദ്ധമായ പ്രസംഗം’
തെറ്റുകൾ കണ്ടെത്തി തിരുത്തുമെന്ന് പാർട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ സംഘടനാ യോഗങ്ങൾ നടത്തിയിരുന്നെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഭയമില്ലാതെ എല്ലാവർക്കും അഭിപ്രായം പറയാമെന്നും നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ പിണറായി വിജയന്റെ പ്രസംഗം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്റെ നിലപാടിന് വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
തളിപ്പറമ്പിലും പയ്യന്നൂരിലും മാത്രമാണോ പരാജയമുണ്ടായതെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തളിപ്പറമ്പിൽ ഒരു പരിപാടിക്കും വരാതിരുന്ന പിണറായി വിജയൻ ഇപ്പോൾ രണ്ട് പരിപാടികൾക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന രീതിയിലുള്ള പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു.
കെ കെ രാഗേഷിനെതിരെയും ആരോപണങ്ങൾ
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ നേതൃത്വത്തിനും പങ്കുണ്ടായിരുന്നെന്നും തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടാണ് പിണറായി സ്വീകരിച്ചതെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. പാർട്ടി തെറ്റ് തിരുത്തുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ കെ രാഗേഷിന്റെ വിമർശനത്തെയും ടി കെ ഗോവിന്ദൻ കടന്നാക്രമിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ അദ്ദേഹം സ്വയം കണ്ണാടിയിൽ നോക്കണമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. തന്റെ സ്വത്തുവിവരങ്ങൾ പരിശോധിക്കാമെന്നും കെ കെ രാഗേഷ് പാർട്ടിയിൽ എത്തിയ സമയത്തെയും ഇപ്പോഴത്തെയും സ്വത്തുവിവരങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും ജില്ലാ സെക്രട്ടറി അതിന് ഇടയാക്കരുതെന്നും ടി കെ ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
‘നേതൃത്വത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല’
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പാർട്ടി നേതൃത്വത്തിന് പിന്നോട്ട് പോകാനാകുമോയെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു. തന്നെ വ്യക്തിഹത്യ ചെയ്തതുകൊണ്ട് പാർട്ടി രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണാ വിജയനെതിരായ ഇഡി കേസിനെക്കുറിച്ചും നേതൃത്വം വിശദീകരണം നൽകണമെന്ന് ടി കെ ഗോവിന്ദൻ ആവശ്യപ്പെട്ടു. പിണറായി വിജയനും കെ കെ രാഗേഷും ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി സ്ഥാനങ്ങൾ ഉപയോഗിച്ച് പണം തട്ടിയവരുണ്ടെങ്കിൽ അവരാണ് വർഗവഞ്ചകരെന്നും അദ്ദേഹം പറഞ്ഞു.
‘മുകളിൽ നിന്ന് കെട്ടിയിറക്കിയ നേതാവ്’
കെ കെ രാഗേഷ് നേരത്തെ ഏതെങ്കിലും ഏരിയാ സെക്രട്ടറിയോ ബ്രാഞ്ച് സെക്രട്ടറിയോ ആയിരുന്നോ എന്നും ടി കെ ഗോവിന്ദൻ ചോദിച്ചു. മുകളിൽ നിന്ന് കെട്ടിയിറക്കിയ നേതാവാണ് രാഗേഷെന്നും എംപി സ്ഥാനത്തേക്ക് കണ്ണൂരിൽ മത്സരിച്ച് പരാജയപ്പെട്ടയാളാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യസഭാ എംപി ആയതും പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതും പാർട്ടി ജില്ലാ സെക്രട്ടറിയായതുമെല്ലാം ചൂണ്ടിക്കാട്ടിയ ടി കെ ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അദ്ദേഹത്തെ മാറ്റിയതിന്റെ കാരണം എന്താണെന്നും ചോദിച്ചു. പ്രിയ വർഗീസിന്റെ കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ടും ഗുരുതര ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചു.
‘ഞാൻ കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ്’
കെ കെ രാഗേഷിനെതിരെ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും അതിന് തന്നെ നിർബന്ധിക്കരുതെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. പള്ളി വികാരികളെ ചാട്ടവാറുകൊണ്ട് അടിക്കണമെന്ന് കെ കെ രാഗേഷ് പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ മക്കളുടെ കാര്യത്തിൽ പിന്നീട് സ്വീകരിച്ച സമീപനം പരിശോധിക്കണമെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു.
താൻ കമ്മ്യൂണിസ്റ്റുകാരനാണെന്നും അത് തന്റെ ജീവിതചര്യയാണെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ട് പാർട്ടിയെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് കണ്ടാൽ തിരുത്തുന്നയാളായിരുന്നു പിണറായി വിജയനെന്നും ഇപ്പോൾ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും ചോദിച്ച അദ്ദേഹം, പിണറായി വിജയൻ തന്നെ തെറ്റിന് നേതൃത്വം നൽകുന്ന നിലയിലേക്ക് മാറിയോ എന്നും ചോദിച്ചു.