ന്യൂഡൽഹി /2026 /ഓഗസ്റ്റ് 14
എൺപതാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു, എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. 1947 ഓഗസ്റ്റ് 15ന് നേടിയ സ്വാതന്ത്ര്യം ഓരോ പൗരനെയും രാജ്യത്തിന്റെ ഭാവി നിർമിക്കുന്ന പങ്കാളിയാക്കിയെന്ന് അവർ പറഞ്ഞു. 2047ലെ സ്വാതന്ത്ര്യശതാബ്ദിയോടെ വികസിത ഭാരതം സൃഷ്ടിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യനിർമാണത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ, തൊഴിലാളികൾ, കർഷകർ, സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ വിഭാഗങ്ങളും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വികസനത്തിന്റെ നേട്ടം അവസാനത്തെ മനുഷ്യനിലേക്കും എത്തണം. ജനപങ്കാളിത്തം, തുല്യാവസരം, വ്യക്തിയുടെ അന്തസ്സ്, എല്ലാവർക്കും സമയബന്ധിതമായ നീതി എന്നിവയാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്നും അവർ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവും ആധുനിക വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്ന് രാഷ്ട്രപതി പറഞ്ഞു. വിഭജനത്തിന്റെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അവർ അനുസ്മരിച്ചു. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയുമായി ഏകീകരിച്ചതിന് സർദാർ വല്ലഭ്ഭായി പട്ടേലിനും ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന്റെ വികസനവും ഓരോ പൗരന്റെയും ക്ഷേമവുമാണ് വികസിത ഭാരതത്തിന്റെ യഥാർഥ ലക്ഷ്യമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ദാരിദ്ര്യത്തിൽ നിന്ന് 25 കോടിയിലധികം പേർക്ക് മോചനം
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 25 കോടിയിലധികം പേർ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതായി രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ജൻധൻ യോജനയിലൂടെ ഏകദേശം 59 കോടി പേർ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവരിൽ 32 കോടിയിലധികം പേർ സ്ത്രീകളാണ്. 80 കോടിയിലധികം പേർക്ക് സൗജന്യ ഭക്ഷ്യധാന്യവും 60 കോടി പേർക്ക് വർഷം അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സാ പരിരക്ഷയും ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ മുന്നിൽ
ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ പകുതിയിലധികവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഗ്രാമങ്ങളിലെ ചെറിയ കടകളിലും തെരുവ് കച്ചവടക്കാരിലും ഡിജിറ്റൽ പണമിടപാട് സാധാരണമായിട്ടുണ്ട്. ദേശീയപാത, ജലപാത, റെയിൽവേ, വ്യോമഗതാഗതം എന്നിവയിലെ അടിസ്ഥാനസൗകര്യ വികസനം പുതിയ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും നിക്ഷേപത്തിനും വഴിയൊരുക്കുകയാണെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ അവസരം
രാജ്യത്തെ 10 കോടിയിലധികം സ്ത്രീകൾ സ്വയംസഹായ സംഘങ്ങളിൽ അംഗങ്ങളാണ്. മൂന്ന് കോടി ലക്ഷപതി ദീദിമാരെ സൃഷ്ടിക്കാനുള്ള ലക്ഷ്യം നേടിയെന്നും ഇനി മൂന്ന് കോടി പുതിയ ലക്ഷപതി ദീദിമാരെയാണ് ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം 35 വയസ്സിന് താഴെയുള്ളവരാണ്. യുവാക്കളുടെ കഴിവും പുതുമയും ഇന്ത്യയുടെ ഭാവിയുടെ വലിയ കരുത്താണെന്നും അവർ വ്യക്തമാക്കി.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സന്ദേശം
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സായുധസേന പ്രകടിപ്പിച്ച കൃത്യതയും ധീരതയും രാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു. ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ശക്തമായ സന്ദേശമാണ് നടപടി നൽകിയതെന്ന് അവർ പറഞ്ഞു. നക്സലിസത്തെ മറികടന്നത് രാജ്യത്തിന്റെ വലിയ നേട്ടമാണെന്നും ഒരുകാലത്ത് നക്സൽ ബാധിതമായിരുന്ന മേഖലകളിൽ ഇപ്പോൾ സമഗ്ര വികസനം പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രകൃതിയും ഭാവിതലമുറയും സംരക്ഷിക്കണം
പ്രകൃതിവിഭവങ്ങളിൽ ഭാവിതലമുറയ്ക്കും തുല്യ അവകാശമുണ്ടെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും വ്യക്തിപരമായും കൂട്ടായും പ്രകൃതി സംരക്ഷണത്തിന് ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സമാധാനം, സഹകരണം, സംവാദം, വസുധൈവ കുടുംബകം എന്നിവയാണ് ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തൂണുകളെന്നും രാഷ്ട്രപതി പറഞ്ഞു.
.