ഭിവാഡി (രാജസ്ഥാൻ) / 2026 / ഒക്ടോബർ 01
പുതിയ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലുടമകൾ പാലിക്കേണ്ട വ്യവസ്ഥകളെക്കുറിച്ചും അവബോധം നൽകാൻ രാജസ്ഥാനിലെ ഭിവാഡിയിൽ ‘ശ്രം സംവാദ്’ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര തൊഴിൽ, തൊഴിൽദാന മന്ത്രാലയം, ഫിക്കി, ഭിവാഡി മാനുഫാക്ചറേഴ്സ് അസോസിയേഷൻ എന്നിവ ചേർന്ന് സെപ്റ്റംബർ 30-ന് ഭിവാഡി വ്യവസായ മേഖലയിലെ അസോസിയേഷൻ മന്ദിരത്തിലാണ് ജില്ലാതല പരിശീലനവും ബോധവൽക്കരണവും നടത്തിയത്. 2025 നവംബർ 21-ന് പ്രാബല്യത്തിൽ വന്ന തൊഴിൽ നിയമസംഹിതകളും 2026 മേയ് എട്ടിന് വിജ്ഞാപനം ചെയ്ത കേന്ദ്ര ചട്ടങ്ങളും വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. തൊഴിലുടമകൾ, വ്യവസായ പ്രതിനിധികൾ, മനുഷ്യവിഭവശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ, ധനകാര്യ വിദഗ്ധർ, തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരടക്കം നൂറിലധികം പേർ പങ്കെടുത്തു.
രാജ്യമൊട്ടാകെ ജില്ലാതല ബോധവൽക്കരണത്തിന് ലക്ഷ്യം
തൊഴിൽ നിയമസംഹിതകൾ, തൊഴിലുടമകളുടെ ഉത്തരവാദിത്വങ്ങൾ, കേന്ദ്ര സർക്കാരിന്റെ പ്രധാന സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ പ്രായോഗികമായി മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതിക സെഷനുകളാണ് പരിപാടിയിൽ ഒരുക്കിയത്. ഭിവാഡി മാനുഫാക്ചറേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി യോഗേഷ് ജെയിൻ ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് കേന്ദ്ര തൊഴിൽ, തൊഴിൽദാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി അശുതോഷ് എ. ടി. പെഡ്നേക്കർ മുഖ്യപ്രഭാഷണം നടത്തി. തൊഴിൽ നിയമസംഹിതകളിലെ പ്രധാന വ്യവസ്ഥകളും രാജ്യത്തുടനീളം ജില്ലാതല പരിശീലന–ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു.
തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ വിശദീകരിച്ചു
ആദ്യ സാങ്കേതിക സെഷൻ കേന്ദ്ര ലേബർ വെൽഫെയർ കമ്മീഷണർ ഓം പ്രകാശ് സിങ് നയിച്ചു. തൊഴിൽ നിയമസംഹിതകളുടെ പൊതുവായ രൂപം, ലക്ഷ്യങ്ങൾ, പുതിയ നിയമചട്ടക്കൂടിലൂടെ കൊണ്ടുവന്ന പ്രധാന പരിഷ്കാരങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. തൊഴിൽ നിയമപരിഷ്കാരങ്ങളുടെ വിശാലമായ ലക്ഷ്യവും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും അവയുടെ പ്രാധാന്യവും മനസ്സിലാക്കാൻ സെഷൻ സഹായിച്ചു.
തൊഴിലുടമകൾ പാലിക്കേണ്ട ചട്ടങ്ങളിൽ പ്രായോഗിക മാർഗനിർദേശം
രണ്ടാം സെഷൻ കേന്ദ്ര തൊഴിൽ, തൊഴിൽദാന മന്ത്രാലയം അണ്ടർ സെക്രട്ടറി നിതേഷ് ഭാസിനും ഓം പ്രകാശ് സിങ്ങും ചേർന്ന് നയിച്ചു. തൊഴിൽ നിയമസംഹിതകൾ പ്രകാരം തൊഴിലുടമകൾ പാലിക്കേണ്ട പ്രധാന വ്യവസ്ഥകളായിരുന്നു വിഷയം. നിയമപരമായ ബാധ്യതകളും ചട്ടങ്ങൾ പാലിക്കുന്നതിനുള്ള ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് പ്രായോഗിക മാർഗനിർദേശം നൽകി. പുതിയ സംവിധാനത്തിന്റെ പ്രവർത്തനരീതി മനസ്സിലാക്കാനും ഇത് സഹായിച്ചു. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ പങ്കെടുത്തവർ അഭിപ്രായങ്ങൾ പങ്കുവെച്ചു. തൊഴിൽസ്ഥലങ്ങളിലെ പ്രായോഗിക വെല്ലുവിളികൾ ചൂണ്ടിക്കാട്ടുകയും തൊഴിലാളിക്ഷേമം, തൊഴിലുടമകളുടെ ബാധ്യതകൾ, സാമൂഹിക സുരക്ഷാ വ്യവസ്ഥകൾ എന്നിവയിൽ സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു. തുടർന്നുള്ള സെഷനുകൾക്കും ചർച്ചകൾക്കും ഈ ആശയവിനിമയം അടിത്തറയായി.
തൊഴിൽ സൃഷ്ടിയും അസംഘടിത തൊഴിലാളികളുടെ പെൻഷനും ചർച്ചയായി
മൂന്നാം സെഷൻ പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയെക്കുറിച്ചായിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ റീജണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ–ഒന്ന് ഭൂപേന്ദ്ര യാദവ് സെഷൻ നയിച്ചു. തൊഴിൽ സൃഷ്ടി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ, അർഹതാ വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ എന്നിവ വിശദീകരിച്ചു. നാലാം സെഷനിൽ പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ പദ്ധതി പരിചയപ്പെടുത്തി. അജ്മീറിലെ കേന്ദ്ര വെൽഫെയർ കമ്മീഷണർ പ്രവീൺ പി. മോഹൻദാസ് സെഷൻ നയിച്ചു. പദ്ധതിയുടെ പ്രധാന സവിശേഷതകളും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിലെ പങ്കും അദ്ദേഹം വിശദീകരിച്ചു.
നേരിട്ട് സംശയങ്ങൾ ചോദിക്കാൻ അവസരം
രണ്ടാമത്തെ ചോദ്യോത്തരവേളയോടെയാണ് പരിപാടി സമാപിച്ചത്. തൊഴിൽ നിയമസംഹിതകൾ, തൊഴിലുടമകൾ പാലിക്കേണ്ട വ്യവസ്ഥകൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയെക്കുറിച്ച് പങ്കെടുത്തവർ പ്രഭാഷകരോട് നേരിട്ട് സംശയങ്ങൾ ചോദിച്ചു. ഫിക്കി രാജസ്ഥാൻ സംസ്ഥാന കൗൺസിൽ അംഗവും ഭിവാഡി മാനുഫാക്ചറേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ സുരേന്ദ്ര സിങ് ചൗഹാൻ നന്ദി പറഞ്ഞു. രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഭിവാഡിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്ന സംരംഭങ്ങൾക്ക് അധികൃതർ തുടർന്നും പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിശീലനം, ബന്ധപ്പെട്ട വിഭാഗങ്ങളുടെ പങ്കാളിത്തം, ബോധവൽക്കരണം എന്നിവയ്ക്കുള്ള പ്രധാന വേദിയായി പരിപാടി മാറി. തൊഴിൽ നിയമസംഹിതകളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നൽകാനും തൊഴിലുടമകളുടെയും വ്യവസായ പ്രതിനിധികളുടെയും അറിവോടെയുള്ള പങ്കാളിത്തത്തിലൂടെ അവ ഫലപ്രദമായി നടപ്പാക്കാനും പരിപാടി സഹായിച്ചു.
