ഡൽഹി, 2026 ജൂലൈ 7-
ലോധി കോളനിയിൽ നവവധുവിന്റെ മരണം ദുരൂഹമായി തുടരുന്നു
ഡൽഹിയിലെ ലോധി കോളനിയിലുള്ള എൻ.ഡി.എം.സി റെസിഡൻഷ്യൽ കോംപ്ലക്സിൽ 28-കാരിയായ ആകൃതി സുതാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്ത്രീധന പീഡന മരണമെന്ന് പ്രാഥമിക നിഗമനം. ജൂലൈ 5-നാണ് ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും വീണ നിലയിൽ ആകൃതിയെ കണ്ടെത്തുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന ആകൃതി, ജൂലൈ 1-നാണ് ഛത്തർപൂരിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ജോലി പുനരാരംഭിച്ച് നാലാം ദിവസമാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.
സ്ത്രീധന പീഡന ആരോപണവുമായി കുടുംബം
സംഭവവുമായി ബന്ധപ്പെട്ട് ആകൃതിയുടെ ഭർത്താവ് അരസ്തു സിക്കയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് ശേഷം വീട്ടുപകരണങ്ങൾ കൊണ്ടുവന്നില്ലെന്ന പേരിൽ ആകൃതിയെ ഭർത്താവും കുടുംബവും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ആകൃതിയുടെ ഇളയ സഹോദരൻ അമയ് സുതാർ ആരോപിച്ചു. കിടക്ക, സോഫ, അലമാര, ഫ്രിഡ്ജ്, എയർ കണ്ടീഷണർ എന്നിവ ആവശ്യപ്പെട്ടായിരുന്നു പരിഹാസവും പീഡനവും. ഇതിനുപുറമെ 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ പരോക്ഷമായി ആവശ്യപ്പെട്ടിരുന്നതായും കുടുംബം പറയുന്നു. എന്നാൽ, വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ താൻ ജോലി ചെയ്ത് പണം കണ്ടെത്തി എല്ലാം പതുക്കെ ശരിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആകൃതിയെന്നും സഹോദരൻ വ്യക്തമാക്കി.
പ്രണയവിവാഹം; പിന്നാലെ പീഡനവും
രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ 24-നായിരുന്നു ആകൃതിയുടെയും അരസ്തു സിക്കയുടെയും വിവാഹം. 2019-ൽ പിതാവ് കാൻസർ ബാധിച്ച് മരിച്ചതിനു ശേഷം കുടുംബത്തിന്റെ ഏക തണൽ ആകൃതിയായിരുന്നു. വിവാഹത്തിന് മുൻപ് ജോലി തുടരുന്നതിന് സിക്കയുടെ കുടുംബം സമ്മതിച്ചിരുന്നെങ്കിലും, വിവാഹശേഷം ഇതിനെ എതിർക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടക്കത്തിൽ സാധാരണ ദാമ്പത്യ തർക്കങ്ങളാണെന്ന് കരുതിയെങ്കിലും, ജൂലൈ 3-നാണ് താൻ നേരിടുന്ന കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ആകൃതി കുടുംബത്തോട് തുറന്നുപറയുന്നത്.
മൊബൈൽ സെർച്ച് ഹിസ്റ്ററിയും സിസിടിവിയും കേന്ദ്രീകരിച്ച് അന്വേഷണം
ജൂലൈ 4-ന് ഓഫീസിൽ നിന്ന് ഇറങ്ങിയ ആകൃതി രാത്രിയായിട്ടും വീട്ടിലെത്തിയിരുന്നില്ല. ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. പിന്നീട് രാത്രിയോടെ ആകൃതിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ്, മൂന്നാം നിലയിൽ നിന്ന് വീണതിനെ തുടർന്ന് ആകൃതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം കുടുംബത്തെ അറിയിക്കുന്നത്. ആകൃതിയുടെ ഫോണിൽ നിന്ന് “how to die easily” (എങ്ങനെ എളുപ്പത്തിൽ മരിക്കാം) എന്ന ഗൂഗിൾ സെർച്ച് കണ്ടെത്തിയത് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഭർത്താവാണ് ആകൃതിയുടെ ഫോൺ പൂർണ്ണമായും നിയന്ത്രിച്ചിരുന്നതെന്നും കുടുംബം ആരോപിക്കുന്നു.
അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്
സ്ത്രീധന മരണം, ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അരസ്തു സിക്കയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി സിസിടിവി ദൃശ്യങ്ങൾ, കോൾ റെക്കോർഡുകൾ, മൊബൈൽ ഫോൺ ഡാറ്റ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഭർത്താവിന്റെ മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.