ന്യൂ ഡല്‍ഹി: 2019-2020 വര്‍ഷത്തില്‍ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരില്‍ നിന്നും പിഴയിനത്തില്‍ റെയില്‍വേ 561.73 കോടി രൂപ ഈടാക്കിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2018-19 നെ അപേക്ഷിച്ച് ആറുശതമാനം വളര്‍ച്ചയാണിത്.
2016 മുതല്‍ 2020 വരെയുളള കാലഘട്ടത്തില്‍ 1,938 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. അതായത് 2016 ല്‍ നിന്നും 2020 ല്‍ എത്തുമ്പോള്‍ വളര്‍ച്ചാനിരക്ക് 38.57 ശതമായി വളര്‍ന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
2016-17ല്‍ 405.30 കോടി, 2017-18 ല്‍ 441.62 കോടി, 2018-19 ല്‍ 530.06 കോടി, എന്നിങ്ങനെയാണ് പിഴയായി ഈടാക്കിയത്. 2019-20 കാലത്ത് 1.10 കോടി പേര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് ടിക്കറ്റ് ചാര്‍ജിനോടൊപ്പം ഏറ്റവും കുറഞ്ഞത് 250 രൂപ പിഴയായി ഈടാക്കാവുന്നതാണ്.
പിഴയടയ്‌ക്കാന്‍ വിസമ്മതിച്ചാല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറാം. അവര്‍ക്കെതിരെ സെക്ഷന്‍ 137 പ്രകാരം നടപടികള്‍ സ്വീകരിക്കുകയുമാവാം. ഇങ്ങനെയുളള യാത്രക്കാരില്‍ നിന്ന് മജിസ്‌ട്രേറ്റിന് കുറഞ്ഞത് 1000 രൂപ പിഴ ചുമത്താം. പിഴയടക്കാന്‍ തയ്യാറായില്ലെങ്കില്‍ ആറുമാസം വരെ തടവ് ശിക്ഷ വിധിക്കാനും മജിസ്‌ട്രേറ്റിന് അധികാരമുണ്ട്



