പ്രധാന വിവരങ്ങൾ
- ഛത്തീസ്ഗഡിലെ ധംതരിയിൽ കാർബൺ കൃഷി മാതൃകാ പദ്ധതി ആരംഭിച്ചു.
- കാർബൺ ക്രെഡിറ്റിലൂടെ കർഷകർക്ക് അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
- മണ്ണിലെ ജൈവ കാർബൺ വർധിപ്പിക്കാനും മീഥേൻ പുറന്തള്ളൽ കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
- കേരളത്തിൽ കാർബൺ ശേഖരിക്കുന്ന കൃഷിഭൂമികൾക്കും സാമ്പത്തിക പ്രയോജനം ലഭിക്കുന്നില്ല.
- കാർബൺ വ്യാപാര അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നയപരമായ ഇടപെടൽ അനിവാര്യമാണെന്ന് വിലയിരുത്തൽ.
ആഗോളതാപനവും കാർബൺ വിപണിയുടെ സാന്നിധ്യവും കർഷകർക്ക് മുമ്പിൽ പുതിയ അവസരങ്ങൾ തുറന്നിടുന്നുണ്ട്.കാർഷിക വരുമാനത്തിന് പുറമേ കർഷകർ അവരുടെ വിളകളിലൂടെ അന്തരീക്ഷത്തിൽ നിന്ന് ശേഖരിക്കുന്ന കാർബണിന്റെ അളവിന് അനുസരിച്ച് കാർബൺ ട്രേഡിഗിൽ പങ്കെടുക്കുവാനും കൂടുതൽ വരുമാനം ലഭിക്കുവാനും ഉള്ള സാഹചര്യം ലോകത്ത് എവിടെയും സംജാതമായിരിക്കുകയാണ്.
ഇന്ത്യയിൽ ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങൾ കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്ന തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി തുടങ്ങിയിരിക്കുന്നു.
എന്നാൽ കേരളത്തിലെ കർഷകരുടെ സ്ഥിതി മറിച്ചാണ്.ആഗോളതാപനത്തിന്റെ പേര് പറഞ്ഞ് കൃഷിക്കാരന്റെ ഭൂമി പിടിച്ചെടുത്ത വനഭൂമിയാക്കുന്ന നടപടിയാണ് കേരളത്തിൽ പലയിടത്തും നടന്നുവരുന്നത്.വനത്തിന് സമാനമായി പച്ചപ്പ് സംരക്ഷിക്കുന്ന കൃഷിഭൂമിയിലെ കാർബൺ നിരോക്സീകരണത്തിന്റെ അളവ് കണക്കാക്കി കാർബൺ ട്രേഡിങ്ങിൽ കർഷകർക്ക് പങ്കെടുക്കാനുള്ള അവസരം ലഭ്യമാക്കുവാൻ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളോ സർക്കാരോ മുൻകൈയെടുക്കുന്നില്ല.
പകരം കർഷകർ കൃഷിയിൽ നിന്ന് പിന്തിരിയുകയോ കടക്കണിയിൽ പെടുകയോ ചെയ്യുന്ന അനുഭവമാണ് കേരളത്തിൻറെത് .ഈ സാഹചര്യത്തിൽ ഛത്തീസ്ഗഡിൽ ഒരു ജില്ലയിൽ ആരംഭിച്ചിരിക്കുന്ന പൈലറ്റ് പ്രോജക്റ്റിനെ പറ്റി പഠിക്കുന്നത് നന്നായിരിക്കും

ഛത്തീസ്ഗഡിലെ ധംതരി തുറക്കുന്നത് കാർബൺ കൃഷിയുടെ പുതിയ വഴി
വർഷങ്ങളായി കർഷകർ നെല്ലും പയറും പച്ചക്കറികളുമാണ് വിളയിച്ചിരുന്നത്. എന്നാൽ ഇനി അതേ വയലിൽ നിന്ന് വിള മാത്രമല്ല, കാർബൺ ക്രെഡിറ്റും ലഭിക്കുന്ന കാലത്തേക്കാണ് ഛത്തീസ്ഗഡിലെ ധംതരി ജില്ല ചുവടുവെക്കുന്നത്. സംസ്ഥാനത്തെ ആദ്യ മോഡൽ കാർബൺ കാർഷിക ജില്ലയായി ധംതരിയെ മാറ്റാൻ ജില്ലാ ഭരണകൂടവും കാലാവസ്ഥാ സാങ്കേതിക സ്ഥാപനമായ പൃഥുവും കൈകോർത്തിരിക്കുകയാണ്. 80,000 ഹെക്ടർ കൃഷിഭൂമിയിൽ രണ്ട് ഘട്ടങ്ങളിലായി മണ്ണിലെ ജൈവ കാർബൺ വർധിപ്പിക്കുന്ന പദ്ധതിയും, 30,000 ഹെക്ടർ നെൽപ്പാടങ്ങളിൽ വെള്ളം തുടർച്ചയായി നിറച്ചിടുന്ന രീതിക്കു പകരം നിയന്ത്രിത ജലസേചനം നടപ്പാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലസംരക്ഷണവും മെച്ചപ്പെടുന്നതിനൊപ്പം മീഥേൻ വാതകത്തിന്റെ പുറന്തള്ളലും കുറയും. അതിലേറെ പ്രധാനമായി, അന്താരാഷ്ട്ര കാർബൺ ക്രെഡിറ്റുകളിലൂടെ കർഷകർക്ക് ഏകദേശം 250 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് കോടി രൂപയുടെ നിക്ഷേപവും കർഷക പരിശീലനവും ഗ്രാമീണ യുവാക്കൾക്കായി പുതിയ ഹരിത തൊഴിലവസരങ്ങളും പദ്ധതിയുടെ ഭാഗമാകും.
വിളവെടുപ്പിൽ നിന്ന് കാലാവസ്ഥാ പോരാട്ടത്തിലേക്ക്… ഇന്ത്യൻ കാർഷികത്തിന്റെ പുതിയ മുഖം
ഈ പദ്ധതി ഒരു ജില്ലയുടെ വികസന പദ്ധതി മാത്രമല്ല, ഇന്ത്യൻ കാർഷികത്തിന്റെ ഭാവിയെക്കുറിച്ചുള്ള പുതിയ ചിന്ത കൂടിയാണ്. ലോകമെമ്പാടും കാർഷിക മേഖലയിൽ കാർബൺ ശേഖരണം പ്രോത്സാഹിപ്പിക്കുകയും അതിന് സാമ്പത്തിക പ്രതിഫലം നൽകുകയും ചെയ്യുന്ന മാതൃകകൾ വളർന്നുവരുന്ന സാഹചര്യത്തിലാണ് ധംതരിയുടെ നീക്കം ശ്രദ്ധേയമാകുന്നത്. കാർബൺ കൃഷി എന്ന ആശയം കർഷകന്റെ വരുമാനം വർധിപ്പിക്കുന്നതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ മണ്ണ് കൂടുതൽ കാർബൺ സംഭരിക്കും, കൂടുതൽ വെള്ളം നിലനിർത്തും, അതുവഴി വരൾച്ചയെയും അതിരൂക്ഷമായ കാലാവസ്ഥയെയും നേരിടാനുള്ള ശേഷിയും വർധിക്കും. ധംതരിയിലെ പരീക്ഷണം വിജയിച്ചാൽ, കാർഷികം ഭക്ഷ്യോൽപ്പാദനത്തിന്റെ മേഖല മാത്രമല്ല, കാലാവസ്ഥാ സംരക്ഷണത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും പുതിയ ശക്തിയായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങൾ തൃശ്ശൂരിലെ കോൾ നിലങ്ങൾ കേരളത്തിലെ വൃക്ഷമായ കൃഷിയിടങ്ങൾ
കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളിൽ കൃഷിയിറക്കുന്ന കർഷകർ നഷ്ടത്തിലാണ്.നെല്ല് വാങ്ങിയ പണം കിട്ടാതെ കർഷകർ വലയുന്നു കടം തിരിച്ചടയ്ക്കാൻ പറ്റാതെ ആത്മഹത്യകൾ ഉണ്ടാകുന്നു.പാലക്കാടും സ്ഥിതി അതുതന്നെ.തൃശ്ശൂരിലെ കോൾ നിലങ്ങളും കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളും നെൽക്കർഷകർക്ക് കൂടിയ വരുമാനം നൽകുന്ന ഉറവിടങ്ങളാണ് എന്ന് ഛത്തീസ്ഗഡ് മാതൃക പഠിപ്പിക്കുന്നു.
കേരളത്തിലെ വനത്തിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന കാർബണിന്റെ അളവിന്റെ അഞ്ചൽ മൂന്നു ഭാഗം കാർബൺ ശേഖരണം റബർതോട്ടങ്ങളിൽ നടക്കുന്നുണ്ട്.അതിനേക്കാൾ കൂടിയ അളവിൽ ഏലത്തോട്ടങ്ങളിൽ കാർബൺ ശേഖരണം നടക്കുന്നുണ്ട്.ഇതെല്ലാം കൃഷിയുമായി ബന്ധപ്പെട്ട കർഷകർ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രയോജനങ്ങളും മൂല്യങ്ങളുമാണ്.ആ വകയിൽ നയാ പൈസ കിട്ടുവാൻ കേരളത്തിലെ കർഷകർക്ക് അവസരമില്ല.യോഗവുമില്ല.
ലോകത്ത് എവിടെയും ഉള്ള കർഷകരുടെ മുമ്പിൽ തുറന്നിട്ടിരിക്കുന്ന അവസരങ്ങൾ ഒന്നുപോലും ഏറ്റവും വ്യത്യാസമന്നമായ കർഷക സമൂഹമുള്ള കേരളത്തിന് നേടാനാവുന്നില്ല
പ്രശ്നം നയത്തിന്റേതാണ്.രാഷ്ട്രീയ ബോധമില്ലായ്മയുടേതാണ്.രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും പുതിയ അവസരങ്ങളെപ്പറ്റി വിവരമില്ലായ്മ ഉള്ളതുകൊണ്ടുമാണ്

