ന്യൂഡൽഹി, 2026 ജൂൺ 25
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഗതിയുടെ അമ്പത്തിരണ്ടാമത് യോഗത്തിന് അധ്യക്ഷത വഹിച്ചു. നാല് സംസ്ഥാനങ്ങളിലായി റോഡ്, വൈദ്യുതി, വ്യവസായ ഇടനാഴി, മെട്രോ റെയിൽ മേഖലകളിലെ ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ നാല് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളാണ് യോഗത്തിൽ വിലയിരുത്തിയത്. പദ്ധതികളുടെ പുരോഗതി, സമയക്രമം, വകുപ്പുകൾ തമ്മിലുള്ള ഏകോപനം, പ്രശ്നപരിഹാരം, സമയബന്ധിത പൂർത്തീകരണം എന്നിവയാണ് പ്രധാനമായി പരിശോധിച്ചത്.
പദ്ധതികൾ വൈകുന്നത് ചെലവ് വർധിപ്പിക്കുമെന്നും ജനങ്ങൾക്കും വ്യവസായങ്ങൾക്കും ലഭിക്കേണ്ട നേട്ടങ്ങൾ വൈകിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ കുടിശ്ശിക പ്രശ്നങ്ങൾ ദൗത്യാടിസ്ഥാനത്തിൽ പരിഹരിക്കാനും കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും കർശനമായി നിരീക്ഷണം നടത്താനും അദ്ദേഹം നിർദേശിച്ചു. പദ്ധതികളുടെ കാര്യക്ഷമമായ ആസൂത്രണത്തിനും നടപ്പാക്കലിനും ദേശീയ മാസ്റ്റർ പ്ലാൻ ഉപയോഗിക്കണമെന്നും വിവരങ്ങൾ കൃത്യമായി പുതുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷയരോഗമുക്ത ഭാരതം പദ്ധതിയുടെ പുരോഗതിയും അവലോകനം ചെയ്ത അദ്ദേഹം ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും ബോധവൽക്കരണത്തിനും രോഗികളുടെ തുടർപരിപാലനത്തിനും സന്നദ്ധപ്രവർത്തകരെ ഉപയോഗിക്കണമെന്നും നിർദേശിച്ചു. സൈബർ കുറ്റകൃത്യങ്ങളും ഡിജിറ്റൽ അറസ്റ്റ് പരാതികളും വിലയിരുത്തിയ അദ്ദേഹം വേഗത്തിലുള്ള നടപടിയും വിവിധ ഏജൻസികളുടെ ഏകോപനവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനും ലക്ഷ്യമിട്ടുള്ള സംവിധാനമാണ് പ്രഗതി. പദ്ധതികളുടെ ഏറ്റവും പുതിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ തടസ്സങ്ങൾ നേരത്തേ കണ്ടെത്താനും വിശ്വസനീയമായ തൽസമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പ് കേസുകളിൽ സാമ്പത്തിക നഷ്ടം തടയാൻ വേഗത്തിലുള്ള ഇടപെടൽ അനിവാര്യമാണെന്നും അതിനായി പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനം സംസ്ഥാനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.