സിംഗപ്പൂര്‍| ഇന്ത്യന്‍ എഡ്‌ടെക് കമ്പനിയായിരുന്ന ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കോടതിച്ചെലവായി 90,000 സിംഗപ്പൂര്‍ ഡോളര്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടു. സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഉത്തരവുകള്‍ ലംഘിച്ചതിനാണ് ശിക്ഷ. കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റമാണ് ബൈജു രവീന്ദ്രനു ചുമത്തിയിരിക്കുന്നത്.
കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകള്‍ ബൈജു രവീന്ദ്രന് ലംഘിച്ചതായി സിംഗപ്പൂര്‍ കോടതി
2024 ഏപ്രില്‍ മുതല്‍ തന്റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകള്‍ ബൈജു രവീന്ദ്രന് മനഃപൂര്‍വം ലംഘിച്ചതായി സിംഗപ്പൂര്‍ കോടതി കണ്ടെത്തി. ഉടന്‍തന്നെ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ബൈജൂസിന്റെ അനുബന്ധ കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ‘ബീയാര്‍ ഇന്‍വെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്..