കൊല്‍ക്കത്ത/ചെന്നൈ | മുഖ്യമന്ത്രിമാരായ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിക്കും തമിഴ്നാട്ടിലെ എം കെ സ്റ്റാലിനും പരാജയം. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച്, ബി ജെ പിയുടെ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്.മമതയുടെ പരാജയം തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഇരട്ടി പ്രഹരമായി.ഭവാനിപൂരിന് പുറമേ നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയിച്ചു .അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു, ആ ചരിത്രം ഭവാനിപൂരിലും ആവര്‍ത്തിച്ചു. തന്റെ മുന്‍ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തില്‍ ചെന്നാണ് സുവേന്ദു കീഴടക്കിയത്. പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തിനിടയിലും കോണ്‍ഗ്രസ്സിന് രണ്ടും സി പി എമ്മിന് ഒന്നും സീറ്റ് നേടാനായി.
പരാജയപ്പെടുന്ന തമിഴ്നാട്ടിലെ നാലാമത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന തമിഴ്നാട്ടിലെ നാലാമത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന് മാറി. കൊളത്തൂര്‍ മണ്ഡലത്തിലാണ് സ്റ്റാലിന് പരാജയം രുചിച്ചത്. 2011 മുതല്‍ അദ്ദേഹം മൂന്ന് തവണ പ്രതിനിധാനം ചെയ്ത മണ്ഡലമാണിത്. . ടി വി കെ സ്ഥാനാര്‍ഥി വി എസ് ബാബുവാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. ഡി എം കെയുടെ നോര്‍ത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു ബാബു. 2006ല്‍ പുരസവാക്കം മണ്ഡലത്തില്‍ നിന്ന് ബാബു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


