മാനസിക വൈകല്യമുള്ളവര്‍ മസ്റ്ററിംഗിന് സഹകരിച്ചില്ലെങ്കിലും പെന്‍ഷന്‍ മുടക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍; ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി വീട്ടിലെത്തി ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണം

തിരുവനന്തപുരം | മസ്റ്ററിംഗിന് സഹകരിക്കാത്ത തരത്തില്‍ മാനസിക വൈകല്യങ്ങളുള്ളവര്‍ക്ക് തടസ്സമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് മാനുഷിക പരിഗണന നല്‍കി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ് വര്‍ഷം തോറും മസ്റ്ററിംഗ് നടത്തുന്നതെന്നും ഉത്തരവില്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ഗുണഭോക്താവിന്റെ വീട്ടിലെത്തി ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. 72 വയസ്സുള്ള വിതുര പൊന്‍പാറ സ്വദേശിനിയായ സ്ത്രീ 26 വര്‍ഷമായി മാനസികരോഗമുള്ള മകന് വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മകന് പ്രതിമാസം ലഭിക്കുന്ന 1,600 രൂപ കൊണ്ടാണ് ജീവിക്കുന്നതെന്നും മകന്‍ മസ്റ്ററിംഗിനായി കൈ മെഷീനില്‍ പതിപ്പിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ എട്ട് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

പരാതിക്കാരിയുടെ മകന് പെന്‍ഷന്‍ നല്‍കിയെന്നും അത് സേവന പെന്‍ഷന്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →