ടെൽ അവീവ്: മൂന്നാഴ്ചകൂടി ഇറാനിൽ യുദ്ധം നടത്തുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നീട്ടാനുള്ള പദ്ധതിയും സജ്ജമാണെന്നും ഇസ്രയേൽസൈന്യം മാർച്ച് 16 തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ് ഷൊഷാനി പറഞ്ഞു. ബാലിസ്റ്റിക് മിസൈലിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ, ആണവസംവിധാനങ്ങൾ, മറ്റു സുരക്ഷാസൗകര്യങ്ങൾ എന്നിവയ്ക്കുനേരേ ആക്രമണം നടത്തുന്നത് ഇതിനായാണെന്നും പറഞ്ഞു.
ഒരു ലക്ഷത്തിലധികം കരുതൽ സൈനികരെ ദൗത്യത്തിനുതയ്യാറാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ
1.10 ലക്ഷം കരുതൽസൈനികരെ ദൗത്യത്തിനുതയ്യാറാക്കിയിട്ടുണ്ടെന്നും ഇനിയും ആയിരക്കണക്കിനു ലക്ഷ്യങ്ങൾ ആക്രമിക്കാനുണ്ടെന്നും അറിയിച്ചു. അതിനിടെ, ഞായറാഴ്ചരാത്രി മിർകാസി, മഹല്ലത്, ഖൊമേയ്ൻ, അറാക് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. തിങ്കളാഴ്ച ടെഹ്‌റാൻ, ഷിറാസ്, തബ്‌റിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
ഇറാൻ അയച്ച മിസൈൽ ടെംപിൾ മൗണ്ടിനടുത്തുവരെയെത്തി.
ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ അയച്ചു. ജറുസലേമിനെ ലക്ഷ്യമിട്ട് അയച്ച മിസൈൽ ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും പാവനമായിക്കരുതുന്ന ടെംപിൾ മൗണ്ടിനടുത്തെത്തിയെന്ന് ഇസ്രയേൽ പോലീസ് പറഞ്ഞു. ആകാശത്തുവെച്ചു തകർത്ത മിസൈലിന്റെ അവശിഷ്ടം പുണ്യഭൂമിയുടെ പരിസരത്തു പതിച്ചെന്നും പറഞ്ഞു. അബുദാബിയിൽ യു.എസിന്റെ അൽ ദർഫ വ്യോമതാവളവും ബഹ്‌റൈനിലെ യു.എസ്. നാവികത്താവളവും വ്യോമതാവളവും ആക്രമിച്ചെന്നും പറഞ്ഞു.
