യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 53 പൈസ ഇടിഞ്ഞ് 92.35 രൂപയിലെത്തി. ഇസ്‌റയേല്‍-ഇറാന്‍ സഘര്‍ഷം കാരണം ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപം വേഗത്തില്‍ പിന്‍വലിക്കുന്നതുമാണ് രൂപ ദുര്‍ബലമാകുന്നതിന് കാരണമായത്..

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 120 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയില്‍ വില. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ക്രൂഡ് ഓയില്‍ വില നൂറ് ഡോളറിന് മുകളില്‍ തുടരുകയാണെങ്കില്‍ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് നിലവില്‍ ഒരു പരിഗണനയും ഇല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യ സമയബന്ധിതമായി ഇതര ക്രൂഡ് ഓയില്‍ വിതരണ സ്രോതസ്സുകളിലേക്ക് തിരിഞ്ഞു.

ആഗോള തലത്തില്‍ പ്രതിസന്ധി ആരംഭിച്ചപ്പോള്‍ ഇന്ത്യ സമയബന്ധിതമായി ഇതര ക്രൂഡ് ഓയില്‍ വിതരണ സ്രോതസ്സുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും ഇത് എണ്ണയുടെ സ്ഥിരമായ വരവ് ഉറപ്പാക്കാനും വിതരണ തടസ്സങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →