കോട്ടയം: റവന്യു ഇതര വരുമാനം കണ്ടെത്താനും കൂടുതല്‍ ജനകീയമാകാനും വാട്ടര്‍ അഥോറിറ്റി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കി നേട്ടം കൈവരിക്കുന്നതിന്റെ മാതൃകയിലാണു വാട്ടര്‍ അഥോറിറ്റിയും വരുമാനം വര്‍ധിക്കുന്ന പദ്ധതിയുമായി ജനകീയമാകുന്നത്. റവന്യു ഇതര വരുമാനം കണ്ടെത്തുന്നതിനായി ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു പദ്ധതികള്‍ ആവിഷ്കരിച്ചത്.
ഗസ്റ്റ് ഹൗസുകള്‍ നിര്‍മിച്ചാണ് പദ്ധതിയുടെ തുടക്കം.
ആദ്യഘട്ടത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ ജലശുദ്ധീകരണ ശാലകള്‍ക്കും ടാങ്കുകള്‍ക്കും മുകളിലും താഴെയുമായി ഗസ്റ്റ് ഹൗസുകള്‍ നിര്‍മിച്ചാണ് പദ്ധതിയുടെ തുടക്കം. ഇതിന്റെ ഭാഗമായി നിര്‍മിച്ച ഇടുക്കി ജില്ലയിലെ ഗസ്റ്റ് ഹൗസുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനു പുറമെ പത്തനംതിട്ടയിലെ നിലയ്ക്കല്‍ ബേസ് കാമ്പിലുള്ള പള്ളിയറക്കാവ്, ഗോശാല, ബിഎസ്എന്‍എല്‍ എന്നിവടങ്ങളിലും ഗസ്റ്റ് ഹൗസുകള്‍ നിര്‍മിക്കുന്നുണ്ട്.
അനുബന്ധ ടൂറിസം പദ്ധതികളും ആവിഷ്കരിക്കും.
വാട്ടര്‍ അഥോറിറ്റിയുടെ തിരുവനന്തപുരത്ത് അരുവിക്കര, ആലപ്പുഴയിലെ കൊമ്മാടി, എറണാകുളം, മലപ്പുറം മഞ്ചേരി, കോഴിക്കോട് മൂഴിക്കല്‍, കണ്ണൂര്‍ പഴശിഡാമിന് സമീപം, തൃശൂര്‍ എങ്ങണ്ടിയൂര്‍, വയനാട് സുല്‍ത്താന്‍ ബത്തേരി, കാസര്‍ഗോഡ് വിദ്യാ നഗര്‍ കാമ്പസ് എന്നിവടങ്ങളിലും ഗസ്റ്റ് ഹൗസും അനുബന്ധ ടൂറിസം പദ്ധതികളും ആവിഷ്കരിക്കും. വിവിധ എന്‍ജിനിയറിംഗ് കോളജുകളുമായി ചേര്‍ന്നു വിദ്യാര്‍ഥികള്‍ക്കായി വിനോദ- വിജ്ഞാന യാത്രകളും (ഗൈഡഡ് ടൂര്‍ ) നടത്തും. അഥോറിറ്റിയുടെ നിലവിലെ പരിശീലന കേന്ദ്രം ഉപയോഗപ്പെടുത്തി പ്ലംബിംഗ്, ജലശുദ്ധീകരണം തുടങ്ങിയ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്താനും പദ്ധതിയുണ്ട്.
തിരുവനന്തപുരത്തെ ഫില്‍റ്റര്‍ ഹൗസും ഭൂഗര്‍ഭ തുരങ്കവും സന്ദര്‍ശകര്‍ക്കയി തുറന്നു നല്‍കും
എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പ് സൗകര്യമേര്‍പ്പെടുത്തും. സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി തിരുവനന്തപുരത്തെ ഫില്‍റ്റര്‍ ഹൗസും ഭൂഗര്‍ഭ തുരങ്കവും സന്ദര്‍ശകര്‍ക്കയി തുറന്നു നല്‍കും. ഫില്‍റ്റര്‍ ഹൗസിനോട് ചേര്‍ന്നുള്ള പുരാതന കെട്ടിടത്തില്‍ വാട്ടര്‍ മ്യൂസിയം സജ്ജീകരിക്കും. ഈ പദ്ധതി ഫണ്ടിനായി കിഫ്ബിയ്ക്കു സമര്‍പ്പിക്കും.
തൊടുപുഴ മുട്ടത്ത് വാട്ടര്‍ അഥോറിട്ടിയുടെ 11 എംഎല്‍ഡി പ്ലാന്റിന്റെ മെയിന്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പ്ലാന്റ് സ്ഥിതി ചെയ്യുന്ന മെയിന്‍ ബ്ലോക്കില്‍ ആറു മുറികളാണുള്ളത്. ഇതില്‍ മൂന്ന് എണ്ണം സ്യൂട്ട് റൂമായിട്ടും മൂന്ന് എണ്ണം ഡീലക്സ് റൂമായിട്ടുമാണ് നവീകരിക്കുന്നത്.
ഇതിനോടു ചേര്‍ന്നു അഞ്ചു മുറികള്‍ കൂടിയുണ്ട്. ഈ അഞ്ചു റൂമുകളും ഡീലക്സ് റൂമുകളായിട്ടാണു മാറ്റിയെടുക്കുന്നത്. മൂന്നാറിലെ നിലവിലുള്ള ഐബിയില്‍ അഞ്ചു മുറികളാണുള്ളത്. ഇതില്‍ രണ്ടു മുറികള്‍ സ്യൂട്ട് റൂമും മറ്റു ചെറിയ മൂന്നു മുറികള്‍ ആധുനിക രീതിയിലും നവീകരിക്കാനാണു പദ്ധതി. ഇവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതേരീതിയില്‍ മറ്റു ജില്ലകളിലും വിനോദ സഞ്ചാരികള്‍ക്കായി ഗസ്റ്റ് ഹൗസുകള്‍ നിര്‍മിക്കും. ഗസ്റ്റ് ഹൗസുകള്‍ ആരംഭിക്കുന്നതാനായി പ്രാഥമിക നടപടികള്‍ വാട്ടര്‍ അഥോറിറ്റി ആരംഭിച്ചിട്ടുണ്ട്.
ചെറുതോണിയില്‍ പെരിയാര്‍ ഹൗസ്
ഇടുക്കി ജില്ലയിലെ ചെറുതോണിയിലും പൈനാവിലും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകള്‍ 15നു പൊതുജനങ്ങള്‍ക്കായി തുറക്കും. അടുത്തതായി മൂന്നാറിലും മുട്ടത്തും ഗസ്റ്റ് ഹൗസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ചെറുതോണിയില്‍ 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കിന് മുകളിലായി രണ്ടു സ്യൂട്ട് റൂമുകളും നാലു ഡീലക്സ് റൂമുകളുമാണുള്ളത്. 200 പേര്‍ക്ക് ഇരിക്കാവുന്ന പെരിയാര്‍ എന്നു പേരിട്ടിരിക്കുന്ന കോണ്‍ഫറന്‍സ് ഹാളും ഇവിടെയുണ്ട്.
സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്ക്
പൈനാവില്‍ 2.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റിന് താഴെയായി മൂന്ന് സ്യൂട്ട് റൂമുകളും രണ്ടു സാധാരണ റൂമുകളുമാണുള്ളത്. രണ്ടിടത്തും വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളുടെ മാതൃകയില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിലാണ് വാട്ടര്‍ അഥോറിറ്റിയും സൗകര്യം ഏര്‍പ്പെടുത്തിയത്. സ്യൂട്ട് റൂമുകള്‍ക്കു ദിവസ വാടക 3,000 രൂപയും സാധാരണ റൂമുകള്‍ക്കു 1,000രൂപയുമാണ് വാടക ഈടാക്കുന്നത്. ചെറുതോണി, പൈനാവ് ഗസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് 15 മുതല്‍ വാട്ടര്‍ അഥോറിറ്റിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
