ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കും.ഈസ്റ്റർ കഴിഞ്ഞ് ഏപ്രിൽ ആറിനും വിഷുദിനമായ 15നും മധ്യേ കേരളത്തിൽ വോട്ടെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നതർ സൂചന നൽകി. ഇതനുസരിച്ച് മാർച്ച് ആറിനും 12നും ഇടയിൽ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും.
കേരളത്തിലും തമിഴ്നാട്ടിലും എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും രണ്ടു ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതു പരിഗണനയിലുണ്ട്. ബംഗാളിൽ കഴിഞ്ഞ തവണത്തേതുപോലെ എട്ടു ഘട്ടം വേണ്ടെന്നും ആറോ, ഏഴോ ഘട്ടമായി പോളിംഗ് പൂർത്തീകരിക്കാനും കമ്മീഷൻ ആലോചിക്കുന്നുണ്ട്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ്ഐആർ പരിഷ്ക്കരണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന മാർച്ച് ഒമ്പതിനു മുന്പായി വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും പ്രഖ്യാപിക്കാൻ ശ്രമമുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാകും കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിൽ നടക്കുക. ആസാമിൽ എസ്ഐആർ നടത്തിയിട്ടില്ല.
