കൊല്ലം: മാലമോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോഷണക്കേസിൽ റഫീഖിന്റെ ഭാര്യ സബീന അറസ്റ്റിലായിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 16 നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തത്
റഫീഖിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ 16 നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസിൽ യാത്ര ചെയ്ത കുഞ്ഞിന്റെ സ്വർണ കൊലുസ് സബീന കവർന്നിരുന്നു. ഇതിനുമുമ്പും മോഷണക്കേസിൽ സബീന അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിലെ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു..
