തിരുവനന്തപുരം| സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഗുരുതരമായ ഭീഷണിയാണെന്നും, ഇത്തരം നടപടികൾക്കെതിരെ പൊതുജനാരോഗ്യ നിയമവും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും പ്രകാരം നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, ഈ മുന്നറിയിപ്പുകൾ അവഗണിച്ച് വീട്ടുപ്രസവങ്ങൾ തുടരുകയാണ് .ഇതിനിടെയാണ് രണ്ടാഴ്ച മുമ്പ് ചാവക്കാട് നടന്ന വീട്ടുപ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവം വീട്ടുപ്രസവ ങ്ങളുടെ അപകടസാധ്യത വീണ്ടും ചർച്ചയാവുകയാണ്.
വീടുകളിലെ പ്രസവം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായ കുറവില്ല
സംസ്ഥാനത്ത് വീടുകളിലെ പ്രസവം നിയമപരമായി നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, വീട്ടുപ്രസവങ്ങളിൽ കാര്യമായ കുറവില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ 382 വീട്ടുപ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, 2025 ഡിസംബർ ആയപ്പോഴേക്കും ഈ എണ്ണം 428 ആയി ഉയർന്നു. 2024-25 വർഷത്തെ അംഗീകരിക്കപ്പെട്ട വീട്ടുപ്രസവങ്ങളുടെ എണ്ണം 428 ആണെന്ന് ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിങിന് ആരോഗ്യവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
താനൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി നടപടികൾ തുടരുകയാണ്..
ഗർഭിണികളുടെ ആരോഗ്യസുരക്ഷയും ചികിത്സയും സർക്കാർ സൗജന്യമായി ഉറപ്പുവരുത്തുന്ന സാഹചര്യത്തിൽ, വീട്ടുപ്രസവങ്ങൾ നിയന്ത്രിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ 2024-ൽ സർക്കാരിന് നിവേദനം നൽകുകയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. മെഡിക്കൽ ഓഫീസർ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 2025 ഏപ്രിലിൽ തദ്ദേശവകുപ്പ് വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്താൻ ബോധവൽക്കരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ കേസിൽ കോടതി നടപടികൾ തുടരുകയാണ്..
