രണ്ട് ദിവസം ബെവ്കോ അവധി; ഉത്രാടദിനത്തിൽ വൻ വിൽപ്പന

തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും ഉത്രാടദിവസം ബെവ്‌കോയില്‍ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെട്ടത്. അതിനാല്‍ത്തന്നെ വ്യാഴാഴ്ച റെക്കോഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്‌കോ അധികൃതരുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞവര്‍ഷം ഓണക്കാലത്തുമാത്രം നടന്നത് 818.21 കോടി രൂപയുടെ മദ്യവില്‍പ്പന

കഴിഞ്ഞവര്‍ഷം ഉത്രാടദിനത്തില്‍ വിൽപ്പന നടന്നത് 124 കോടിയുടെ മദ്യമാണ്. ഈ റെക്കോഡ് ഇത്തവണ മറികടന്നേക്കുമെന്നാണ് സൂചന. 2023-ലെ ഉത്രാടദിനത്തില്‍ 116 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്തുമാത്രം ബെവ്‌കോയില്‍ 818.21 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. ഇത്തവണ ഈ കണക്കുകള്‍ ഉയരാനാണ് സാധ്യത.

കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഉത്രാടംവരെയുള്ള ഒമ്പതു ദിവസം 701 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് വകുപ്പിന് കീഴിലുള്ള ബെവ്‌കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്‌ലെറ്റുകളും 155 സെല്‍ഫ് സര്‍വീസ് ഔട്ട്‌ലെറ്റുകളുമാണ് ഉള്ളത്.

സെപ്റ്റംബര്‍ അഞ്ചിനും ഏഴിനും അവധി

തിരുവോണത്തിന് പുറമെ ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴിനും ശ്രീനാരായണ ഗുരു സമാധി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 21-നും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →