കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയ സർക്കാർ ഉത്തരവിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: വാഹന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാറിന് എന്ത് അധികാരമെന്ന് ഹൈക്കോടതി.കേന്ദ്രനിയമം ബാധകമായ വിഷയത്തില്‍ സംസ്ഥാനത്തിന് എങ്ങനെ ഇളവ് അനുവദിക്കാനാവും. ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാറില്‍ ഓടുന്ന കെ.എസ്.ആർ.ടി.സി ഡബിള്‍ ഡെക്കർ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ഡിസംബർ 28ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ചാണ് വിശദീകരണം തേടിയിരിക്കുന്നത്. തുടർന്ന്, ഹർജി വീണ്ടും 31ന് പരിഗണിക്കാൻ മാറ്റി.

സ്വമേധയാ സ്വീകരിച്ച കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്

വാഹനരൂപമാറ്റം സംബന്ധിച്ച്‌ സ്വമേധയാ സ്വീകരിച്ച കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. ടൂറിസത്തിന്‍റെ ഭാഗമായി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി റോയല്‍വ്യൂ ബസുകളില്‍ അനുവദനീയമായതിലുമധികം ലൈറ്റുകളുണ്ടെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കോടതി വിലയിരുത്തി. നാല് ഹെഡ് ലൈറ്റുകള്‍ക്ക് പകരം ആറെണ്ണമുണ്ട്. മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി പാസഞ്ചർ കാബിനിലടക്കം ബഹുവർണ ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. സൈ‌ഡ് വിൻഡോ ഗ്ലാസ്, വീല്‍ ആർച്ച്‌ എന്നിവിടങ്ങളിലും ലൈറ്റുണ്ട്. മറ്റ് വാഹനങ്ങള്‍ക്ക് മാത്രമല്ല സ്വന്തം വാഹനത്തിനും അപകടമുണ്ടാക്കാവുന്നതാണ് ഈ പരിഷ്കാരങ്ങളെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

രൂപമാറ്റം നടത്തി ഓടിച്ചാല്‍ ഡ്രൈവറെയും ഉടമയെയും ബോഡി ബില്‍ഡറെയും പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്

മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി സർക്കാർ ഉത്തരവിറക്കിയ കാര്യം കെ.എസ്.ആർ.ടി.സിയാണ് കോടതിയെ അറിയിച്ചത്. സ്വകാര്യ കോണ്‍ട്രാക്‌ട് കാര്യേജുകള്‍ രൂപമാറ്റം നടത്തി ഓടിച്ചാല്‍ ഡ്രൈവറെയും ഉടമയെയും ബോഡി ബില്‍ഡറെയും പ്രോസിക്യൂട്ട് ചെയ്യാൻ നടപടി വേണ്ടതാണെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇതിന് മുന്നോടിയായി അന്വേഷണവും വേണം.

മനുഷ്യജീവൻ നഷ്ടപ്പെടുന്നതിന് ആരാണ് ഉത്തരം പറയുകയെന്ന് കോടതി ചോദിച്ചു.

ചുറ്റിനും ലൈറ്റുകളും മുൻവശത്തെ ചില്ലില്‍ ഉള്‍പ്പെടെ സ്റ്റിക്കറുകളും പതിച്ച്‌ രൂപമാറ്റം വരുത്തിയ ‘സിങ്കം’, ‘വയനാടൻ’ എന്നീ ടൂറിസ്റ്റ് ബസുകളുടെ വ്ലോഗുകള്‍ തുറന്ന കോടതിയില്‍ കാണിച്ചു. രജിസ്റ്റേർഡ് ഉടമകളെ കേസില്‍ കക്ഷി ചേർക്കാനും നിർദേശിച്ചു. വയറിങ്ങിലും സ്റ്റിയറിങ്ങിലുമടക്കം രൂപമാറ്റം വരുത്തുകയാണ്. ഒട്ടേറെ വാഹനങ്ങള്‍ കത്തിനശിക്കുന്നു. മനുഷ്യജീവൻ നഷ്ടപ്പെടുന്നതിന് ആരാണ് ഉത്തരം പറയുകയെന്ന് കോടതി ചോദിച്ചു. അനുവദനീയമല്ലാത്ത ഫിറ്റിങ്ങുകള്‍ക്ക് 5000 രൂപ വീതമാണ് പിഴയിടേണ്ടത്. കോടതി നിർദേശപ്രകാരം ഒരു ടൂറിസ്റ്റ് ബസില്‍നിന്ന് അധികൃതർ കഴിഞ്ഞദിവസം 1,90,000 രൂപ പിഴ ഈടാക്കിയ കാര്യവും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →