കൊച്ചി : കേരളത്തിലെ മൂന്ന് തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നേറുന്നതിനിടെ പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിക്കാൻ മത്സ്യമേഖല.മത്സ്യബന്ധനം, സംസ്‌കരണം, വിപണനം എന്നിവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരും പദ്ധതിയില്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കൊല്ലം ഭാഗത്ത് 300 ദശലക്ഷം ടണ്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ
കടലില്‍ അടിഞ്ഞിട്ടുള്ള മണല്‍ ഖനനം ചെയ്‌തെടുത്താല്‍ 50 വർഷത്തേയ്‌ക്ക് നിർമ്മാണ മേഖലയ്‌ക്ക് വിനിയോഗിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കേരളത്തില്‍ അഞ്ചു മേഖലകളില്‍ 275 ദശലക്ഷം ടണ്‍ കടല്‍ മണലുണ്ടെന്നാണ് വിലയിരുത്തല്‍. ഇവയെ 10 ബ്ലോക്കുകളാക്കി തിരിച്ചതില്‍ കൊല്ലത്തെ മൂന്നിടങ്ങളാണ് കേന്ദ്രം ലേലം ചെയ്യുന്നത്. കൊല്ലം ഭാഗത്ത് 300 ദശലക്ഷം ടണ്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയത്.
അന്താരാഷ്ട്ര ഖനനമേഖലയില്‍ ഇന്ത്യയെ പ്രധാന രാജ്യമായി മാറ്റുമെന്ന് കേന്ദ്രം
നിർമ്മാണാവശ്യങ്ങള്‍ക്കുള്ള മണലിന് പുറമെ, ലൈം മഡ്, പോളിമെറ്റാലിക് നോഡ്യൂളുകള്‍ തുടങ്ങിയ വിഭവങ്ങളുമുണ്ട്. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം അന്താരാഷ്ട്ര ഖനനമേഖലയില്‍ ഇന്ത്യയെ പ്രധാന രാജ്യമായി മാറ്റുമെന്നും കേന്ദ്രം പറയുന്നു. സുതാര്യവും മത്സരാധിഷ്ഠിതവുമായ ലേലനടപടികളിലൂടെ നിക്ഷേപകരെ ആകർഷിക്കും. ഇതിനായി കൊച്ചിയില്‍ കഴിഞ്ഞയാഴ്‌ച സംഘടിപ്പിച്ച റോഡ് ഷോയില്‍ മൂന്നു സംരംഭകർ ഖനനത്തിന് താത്പര്യം അറിയിച്ചിരുന്നു. ഇ ലേലത്തില്‍ പങ്കെടുക്കാൻ താല്പര്യപത്രങ്ങള്‍ ഫെബ്രുവരി 18നകം സമർപ്പിക്കണം. 27ന് ടെൻഡർ നടപടികള്‍ പൂർത്തീകരിക്കും.
മത്സ്യങ്ങളുടെ പ്രജനനമേഖലയെ തകർക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
ഭരണഘടനാപരമായി 12 നോട്ടിക്കല്‍ മൈല്‍ വരെ തീരദേശത്തിന്റെ പരിപാലന അവകാശം സംസ്ഥാനത്തിനാണ്. തീരദേശ പരിപാലന വിജ്ഞാപനം 2011ല്‍ പുതുക്കിയപ്പോള്‍ അവകാശം കേന്ദ്രം ഏറ്റെടുത്തു. പുറംകടല്‍ ധാതുഖനനവുമായി ബന്ധപ്പെട്ട 2002ലെ നിയമം 2023ല്‍ ഭേദഗതി ചെയ്താണ് കേന്ദ്രം മണല്‍ വില്പനയ്ക്ക് നേരിട്ടിറങ്ങിയത്. ഇതില്‍ സംസ്ഥാനം എതിർപ്പ് അറിയിച്ചിട്ടുണ്ട്. പദ്ധതി നിർദ്ദേശം വന്നതുമുതല്‍ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. മത്സ്യങ്ങളുടെ പ്രജനനമേഖലയെ തകർക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
മത്സ്യങ്ങളുടെ കേന്ദ്രമായ മേല്‍മണ്ണ് ഖനനം മൂലം നശിക്കും
കടല്‍ മണല്‍ നിക്ഷേപമുള്ള കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളും മത്സ്യസമ്പത്തില്‍ സമ്പന്നമാണ്. പുല്ലൻ ചെമ്മീൻ, മണല്‍ക്കൊഞ്ച്, പല്ലിക്കോര, കരിക്കാടി, പൂവാലൻ, ചെമ്മീനുകള്‍, കിളിമീൻ, ചാള, കലവ, അയില, നെത്തോലി തുടങ്ങി കയറ്റുമതി പ്രധാനവും ആഭ്യന്തര ഉപഭോഗത്തില്‍ പ്രിയങ്കരവുമായ മത്സ്യങ്ങള്‍ ഇവിടെയുണ്ട്.ആയിരത്തിലധികം ട്രോള്‍ ബോട്ടുകളും, അഞ്ഞൂറോളം ഫൈബർ വള്ളങ്ങളും നൂറോളം ഇൻ-ബോർഡ് വള്ളങ്ങളും പ്രവർത്തിക്കുന്നുണ്ട്. കടല്‍മണല്‍ നിക്ഷേപത്തിന്റെ മുകളില്‍ ഒന്നര മീറ്റർ വരെ കനത്തില്‍ ചെളിയും അവശിഷ്ടങ്ങളും മാറ്റിയാണ് ഖനനം നടത്തുക. മത്സ്യങ്ങളുടെ കേന്ദ്രമായി മേല്‍മണ്ണ് ഖനനം മൂലം നശിക്കും
കടല്‍മണല്‍ വില്പനയ്‌ക്കെതിരേ കേരളത്തിലെ എല്ലാ സംഘടനകളും സമരമുഖത്താണ്. ഇതിനെ അവഗണിച്ച് ഖനനം തുടങ്ങിാല്‍ ശക്തമായ സമരത്തിന് കേരളതീരങ്ങള്‍ വേദിയാകുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോർജ് പറഞ്ഞു.
