കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവമുശ്യപ്പെട്ടിരിക്കുന്നത്.

കാട്ടാന ആക്രമണത്തില്‍ ഈ വർഷം മാത്രം ഏഴ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടിട്ടും അധികൃതർ പുലർത്തുന്ന നിസ്സംഗതയില്‍ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. ജില്ലയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനാണ് അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മേയാൻ വിട്ടിരുന്ന പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് ആക്രമണം

ഡിസംബർ 28 ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ വീടിന് മുന്നൂറ് മീറ്റർ അകലെയുള്ള തേക്കൻ കൂപ്പില്‍ മേയാൻ വിട്ടിരുന്ന പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് അമർ ഇബ്രാഹിം എന്ന യുവാവിനെ കാട്ടാന ദാരുണമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. അമറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൻസൂറിന് നേരെ മറ്റൊരാന പാഞ്ഞടുത്തെങ്കിലും തലനാരിഴയ്‌ക്ക് ജീവൻ രക്ഷപ്പെടുകയായിരുന്നു. വലതുകാലിന് ഒടിവ് സംഭവിച്ച മൻസൂർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വണ്ണപ്പുറം പഞ്ചായത്തില്‍ ഇന്ന് ഹർത്താല്‍

കൊല്ലപ്പെട്ട അമറിന്റെ മൃതദേഹം രാവിലെ മുള്ളിങ്ങാട് ജുമാ മസ്ജിദില്‍ ഖബറടക്കിയിരുന്നു. സംഭവത്തില്‍ അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച്‌ വണ്ണപ്പുറം പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹർത്താല്‍ ആചരിക്കുകയാണ്. എൻ.ഡി.എയും യു.ഡി.എഫും എല്‍.ഡി.എഫും ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച മുൻപ് കോതമംഗലം കുട്ടമ്പുഴയില്‍ എല്‍ദോസ് എന്ന യുവാവിനെയും കാട്ടാന ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു. രാത്രിയില്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. അന്ന് അവിടെയും ജനങ്ങള്‍ വലിയ പ്രതിഷേധമുയർത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →