കൊച്ചി : ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ വർഷം മുതല്‍ കണക്കാക്കിയുള്ള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും നല്‍കണമെന്ന് ഹൈക്കോടതി. 2016 ജനുവരി ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലും വിരമിച്ച കോളജ് അധ്യാപകർ നല്‍കിയ ഹർജിയിലും 2006 ജനുവരി ഒന്നിനും 2009 ജൂണ്‍ 30നും ഇടയില്‍ വിരമിച്ച കോളജ് അധ്യാപകർക്കു വർധിപ്പിച്ച പെൻഷൻ നല്‍കാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്തു സർക്കാർ നല്‍കിയ ഹർജിയിലുമാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
വിരമിച്ചവരുടെ കാര്യത്തില്‍ 2009 ജൂലൈ മുതല്‍ മാത്രമാണു പെൻഷൻ പരിഷ്കരിച്ച് നൽകിയത്.
യുജിസി സ്കെയില്‍ പ്രകാരം ശമ്പളം വാങ്ങുന്ന സർവകലാശാല, കോളജ് അധ്യാപകർക്ക് 2006 ജനുവരി ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ 2011ല്‍ ഉത്തരവിറക്കിയെങ്കിലും വിരമിച്ചവരുടെ കാര്യത്തില്‍ 2009 ജൂലൈ മുതല്‍ മാത്രമാണു പെൻഷൻ പരിഷ്കരിച്ച് മുൻകാല പ്രാബല്യം അനുവദിച്ചത്.
കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ ഖജനാവില്‍നിന്നാണ് നല്‍കുന്നതെന്നും സർക്കാർ
യുജിസി പെൻഷൻകാർക്കു നല്‍കാൻ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ ഖജനാവില്‍നിന്നാണ് നല്‍കുന്നതെന്നു മായിരുന്നു സർക്കാർ വാദം. അതിനാല്‍, പെൻഷൻ റിവിഷൻ സംബന്ധിച്ച തീരുമാനം സർക്കാരിന്‍റെ നയപരമായ തീരുമാനമാണ്.
സർക്കാർ തീരുമാനിക്കുന്ന പെൻഷൻ റിവിഷൻ സ്കീം അടിസ്ഥാനത്തിലാണ് പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കാനാകൂവെന്നും ട്രൈബ്യൂണലിന് ഇടപെടാനാകില്ലെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്