റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചീമേനിയിലെ മാലിന്യ പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം; പ്രതിഷേധം കത്തുന്നു

October 6, 2023 - 7:21 pm

ചീമേനി : പോത്താംകണ്ടത്തെ ഖരമാലിന്യപ്ലാന്റിന് മന്ത്രിസഭ അംഗീകാരം നൽകിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയപ്പാർട്ടികൾ, ജനകീയ സമരസമിതികൾ, പരിസ്ഥിതി സംഘടനകൾ എല്ലാം പ്രതിഷേധസമരവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പോത്താംകണ്ടത്തെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിനായി 25 ഏക്കർ 25 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി പാട്ടത്തിന്‌ നൽകാനാണ് മന്ത്രിസഭ അനുമതി നൽകിയത്. നേരത്തേ 25 ഏക്കർ വിട്ടുനൽകിയതിനെത്തുടർന്ന് സമരങ്ങൾ നടന്നിരുന്നു. പ്രദേശത്ത് സർവേയ്ക്ക് എത്തിയ സബ് കളക്ടർ, തഹസിൽദാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ നാട്ടുകാർ തടഞ്ഞിരുന്നു. ജനകീയസമിതിയും പ്രതിഷേധസമരവുമായി രംഗത്തുണ്ട്. 20-ഓളം പരിസ്ഥിതിപ്രവർത്തകർ പോത്താംകണ്ടത്തും പരിസരത്തുമായി സർവേ നടത്തിയിരുന്നു. വിവിധ തരത്തിലുള്ള സസ്യ-ജന്തുജാലങ്ങൾ അടങ്ങിയ പ്രദേശം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.

പ്ലാന്റേഷൻ കോർപ്പറേഷന്റെ ചീമേനി എസ്റ്റേറ്റിൽനിന്ന് സോളാർ പാർക്കിനായി 475 ഏക്കർ നൽകിയിരുന്നു. ഇതിൽ 25 ഏക്കറാണ് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഖരമാലിന്യ സംസ്കരണത്തിനായി വിട്ടുകൊടുത്തത്. പകരം, 25 ഏക്കർ സോളാർ പാർക്കിനായി കണ്ടെത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തിൽ വരാൻ പോകുന്ന വൻകിട മാലിന്യപ്ലാന്റിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചീമേനി ടൗണിൽ നട്ടുച്ചയ്ക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമിതി അറിയിച്ചു. ജനകീയസമിതി ചെയർമാൻ കെ.എം.ദാമോദരൻ, സുമേഷ് കരിമ്പിൽ, സന്ദീപ് ചീമേനി, ടി.പി.രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *