റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂർ ചോദ്യം ചെയ്യലിൽ ഇഡിക്കെതിരെ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ

September 26, 2023 - 5:33 am

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം കെ കണ്ണൻ ചോദ്യം ചെയ്യലിന് ശേഷം ഉന്നയിച്ചത്. ഇ ഡി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം കെ കണ്ണൻ പറഞ്ഞു.2023 സെപ്തംബർ 25 ന് രാവിലെ പത്ത് മണിയോടെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ അഭിഭാഷകർക്കൊപ്പം ഇ ഡി ഓഫീസിലെത്തിയത്.

കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായുള്ള ബന്ധം ചോദിച്ചറിയുകയായിരുന്നു ഇഡിയുടെ പ്രധാന ഉദ്ദേശം. എന്നാൽ അത്തരം ചോദ്യങ്ങൾ അല്ല തന്നോട് ചോദിച്ചതെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് എംകെ കണ്ണൻ പ്രതികരിച്ചത്. ഇഡി ആഗ്രഹിക്കുന്ന ഉത്തരങ്ങൾ പറയാൻ തന്നെ നിർബന്ധിച്ചു. ഇഡിക്കെതിരായ പി ആർ അരവിന്ദാക്ഷന്റെ പരാതി സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും കണ്ണൻ പറഞ്ഞു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്റെ അടുത്ത് ഇ ഡി ചോദിച്ചില്ല. ബാങ്കിലെ ചില ആളുകളുടെ അക്കൗണ്ടിനെ കുറിച്ച് മാത്രം ചോദിച്ചു. ഭീഷണിയും സമ്മർദവുമാണ് ഉണ്ടായത്. അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഉത്തരം പറയുകയാണ് അവരുടെ ആവശ്യം’. എം കെ കണ്ണൻ പ്രതികരിച്ചു. 2023 സെപ്തംബർ 29ന് വീണ്ടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം കെ കണ്ണൻ പ്രതികരിച്ചു.

സതീഷ് കുമാറുമായി 30 വർഷത്തെ ബന്ധമുണ്ടെന്നും എന്നാൽ ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്നും എം കെ കണ്ണൻ ആവർത്തിച്ചു. . എം കെ കണ്ണൻ പ്രസിഡന്റായ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. സതീഷ് കുമാർ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്. അതേസമയം കരുവന്നൂർ കേസിൽ എ സി മൊയ്തീന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അനൂപ് ഡേവിസ് കാട, പി ആർ അരവിന്ദാക്ഷൻ എന്നിവരെയും ഇഡി വീണ്ടും വിളിപ്പിക്കും. എ സി മൊയ്തീന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവ് കൂടി ഇഡി പരിധിയിൽ എത്തിയത് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *