ഇടുക്കി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി കരിങ്കുന്നം പൊലീസ്. കൊട്ടാരക്കാര കരീപ്ര ഇടിക്കിടം അഭി വിഹാറിൽ അഭിരാജ് ആണ് പിടിയിലായത്. 2023 ഓഗസ്റ്റ് മാസം തൊടുപുഴക്കടുത്ത് വഴിത്തലയിൽ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് 20,000 രൂപ അഭിരാജ് മോഷ്ടിച്ചിരുന്നു. ഉച്ചക്കാണ് മോഷണം നടത്തിയത്.അടഞ്ഞു കിടക്കുന്ന വീടുകളിൽ ഇരുചക്രവാഹന ങ്ങളിലെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. എറണാകുളം കുമ്പളത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുന്ന പ്രതിയെ അവിടെ നിന്നാണ് അറസ്റ്റു ചെയ്തത്.
മോഷ്ടാവിനെ കണ്ടെത്താൻ കരിങ്കുന്നം പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പ്രദേശത്തെ സിസി ടിവികൾ പരിശോധിച്ചതിൽ നിന്നും സ്‌കൂട്ടറിലെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. ചിത്രം വ്യക്തമല്ലാത്തതിനാൽ സമാന രീതിയിൽ മോഷണം നടത്തുന്ന ഒട്ടേറെ മോഷ്ടാക്കളെ ചോദ്യം ചെയ്തു. പൊലീസിന്റെ പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ അഭിരാജ് ആയിരിക്കാമെന്ന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാജിനെ പിടികൂടിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 12 ഓളം സ്റ്റേഷനുകളിലായി 26ലധികം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് വ്യക്തമായി. ഇരിക്കൂറിൽ വീടു കുത്തിത്തുറന്ന് 21 പവൻ സ്വർണം മോഷ്ടിച്ച കേസിലും പ്രതിയാണ്. ചോറ്റാനിക്കര സ്റ്റേഷനിൽ 12 മോഷണക്കേസുകളിലെ പ്രതിയാണ്. മോഷണ മുതൽ ആഡംബര ജീവിതത്തിനാണ് ചെലവഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

