യു.എസ്. ഓപ്പണ്‍:ആന്‍ഡി മറേ പുറത്ത്; അല്‍കാരസ്വോസ്നിയാകി മുന്നോട്ട്

ന്യൂയോര്‍ക്ക്: ബ്രിട്ടന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേ യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്ത്. ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവ് ആണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് മറേയെ മടക്കിയത്. സ്‌കോര്‍: 3-6. 4-6, 1-6.
ഒന്നാം സീഡ് സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്, മൂന്നാം സീഡ് റഷ്യയുടെ ദാനില്‍ മെദ്‌വഡേവ്, എട്ടാം സീഡ് ആന്ദ്രെ റുബ്‌ലേവ്, സ്റ്റാന്‍ വാവ്‌റിങ്ക എന്നിവരും വനിതകളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന്‍ വോസ്‌നിയാക്കി, മൂന്നാം സീഡ് ജസീക്ക പെഗുല, ഒന്‍സ് ജാബ്യൂര്‍ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനെയാണ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ വീഴ്ത്തിയത്. സ്‌കോര്‍: 6-3, 6-1, 7-6. ഓസ്‌ട്രേലിയയുടെ ക്രിസ്റ്റഫര്‍ ഒകോണെലിനെയാണ് മെദ്്‌വഡേവ് കീഴടക്കിയത്. സ്‌കോര്‍. 6-2, 6-2, 6-7, 6-2. ഫ്രാന്‍സിന്റെ ഗയ്ല്‍ മോണ്‍ഫില്‍സിനെതിരേ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് റുബ്‌ലേവ് ജയിച്ചുകയറിയത്. സ്‌കോര്‍: 6-4, 6-3, 3-6, 6-1. വാവ്‌റിങ്ക അര്‍ജന്റീനയുടെ തോമസ് എച്ചിവെറിയെ കീഴടക്കി. സ്‌കോര്‍: 7-6, 6-7, 6-3, 6-2.
ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണു വോസ്നിയാകിയുടെ മുന്നേറ്റം. സ്‌കോര്‍: 7-5, 7-6 (5).
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ വോസ്നിയാക്കി കുറിക്കുന്ന മികച്ച ജയം കൂടിയാണിത്. 2020 ലെ ഓസ്ട്രേലിയന്‍ ഓപ്പണിനു ശേഷം ആദ്യമായാണ് വോസ്നിയാകി ഗ്രാന്‍സ്ലാം സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ കളിക്കുന്നത്. 33 വയസുകാരിയായ വോസ്നിയാകി മൂന്നാം റൗണ്ടില്‍ യു.എസിന്റെ ജെന്നിഫര്‍ ബ്രാഡിയെയാണു നേരിടുക.
യു.എസിന്റെ മൂന്നാം സീഡ് താരം ജസീക്ക പെഗുല പട്രീഷ്യ ടിഗിനെ അനായാസം മറികടന്നു. സ്‌കോര്‍: 6-3, 6-1. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 7-6, 4-6, 6-3 എന്ന സ്‌കോറില്‍ ലിന്‍ഡ നൊസ്‌കോവയെ കീഴടക്കിയാണ് ഒന്‍സ് ജാബ്യൂര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.
നേരത്തെ പുരുഷ സിംഗിള്‍സില്‍ ലോക അഞ്ചാം നമ്പര്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ ചൈനയുടെ ഷിഷെന്‍ ഷാങ് അട്ടിമറിച്ചിരുന്നു. രണ്ടാം റൗണ്ടിലാണു ഷിഷെന്‍ ഷാങ് ചരിത്രം കുറിച്ചത്. 67-ാം റാങ്കുകാരനായ ഷിഷെന്‍ ഷാങ് മൂന്ന് മണിക്കൂര്‍ 19 മിനിറ്റ് കൊണ്ടാണു മത്സരം പൂര്‍ത്തിയാക്കിയത്. ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുള്ള താരത്തെ തോല്‍പ്പിക്കുന്ന ആദ്യ ചൈനക്കാരനാണു ഷിഷെന്‍ ഷാങ്. ഗ്രീസിന്റെ ഏഴാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും തോല്‍വി നേരിട്ടു. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഡൊമിനിക് സ്ട്രിക്കറണു സിറ്റ്സിപാസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-7 (2), 67 (5), 7-6 (6), 6-3. സ്ട്രിക്കറിന്റെ കരിയറിലെ ഏറ്റവും മികച്ച ജയം കൂടിയാണിത്. കരിയറില്‍ ആദ്യമായാണു താരം യു.എസ്. ഓപ്പണ്‍ മെയിന്‍ ഡ്രോയില്‍ കളിക്കുന്നതും.
സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിലെത്തി. സ്പെയിന്റെ ബെര്‍നാബെ സാപാറ്റ മിറാലസിനെയാണു ജോക്കോ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-1, 6-1.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →