തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീർഖാന് പൊള്ളലേറ്റ സംഭവം ആസിഡ് അക്രമണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിനു പരിസരത്ത് നിന്നും കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റ സുധീർഖാന്‍റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാർ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീർഖാന്‍റെ ഭാര്യ നേരത്തെ പറഞ്ഞിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തുനിന്ന് ആസിഡിന്‍റെ കുപ്പി കണ്ടെത്തിയത്.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാകാം എന്നായിരുന്നു സുധീർഖാന്‍ ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാൽ സജി കുമാർ ആസിഡ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. നിലവിൽ ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 45 ശതമാനത്തോളം പൊള്ളലേറ്റ് സുധീർഖാന്‍ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.



