എറണാകുളം: മാവേലിക്കരയിൽ കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിനുശേഷം എറണാകുളത്തു നിന്നും പിടിയിലായത്. വർഷങ്ങളായി മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചു വരികയായിരുന്നു. 1990 ഫെബ്രുവരി 21നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ടത്.
പതിനെട്ടാം വയസിൽ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാൽ നൂറ്റാണ്ടിലേറെ ഒളിവിൽ തുടർന്ന് ഒടുവിൽ പൊലീസ് വലയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വർഷവും, ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വർഷവുമായ കേസിലാണ് ഒടുവിൽ അറസ്റ്റ്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ പിന്നാലെയായിരുന്നു അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ അച്ചാമ്മ ഒളിവിൽ പോയത്. എറണാകുളം ജില്ലയിൽ പല്ലാരിമംഗലം അടിവാടിൽ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു താമസം.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാകുകയായിരുന്നു. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലർത്തിയിരുന്നില്ല.
ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിൽ അയ്മനത്തും, ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരിൽ വീടുകളിൽ അടുക്കളപണി യ്ക്കായി നിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാടിന് പോയി എന്നും നാട്ടുകാർ പറഞ്ഞു. അന്വേഷണത്തിനൊടുവിലാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്. 1996ൽ ഹൈക്കോടതി വിധി വന്നശേഷം ഒളിവിൽ പോയ റെജി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലി ചെയ്ത് വരുകയും ആ കാലയളവിൽ തമിഴ്നാട് തക്കല സ്വദേശിയുമായി പരിചയത്തിലാകുകയും 1999ൽ ഇവർ വിവാഹിതരാകുകയും ചെയ്തു. കുറച്ചുനാൾ തക്കലയിലും പിന്നീട് കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്തുമായിരുന്നു താമസം. കഴിഞ്ഞ അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു



