റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രവി സിന്‍ഹ ‘റോ’ മേധാവിയാകും

June 20, 2023 - 2:04 pm


ന്യൂഡല്‍ഹി: സാമന്ത് ഗോയലിനു പകരം ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ രവി സിന്‍ഹയെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ റോയുടെ അധികാരശ്രേണിയില്‍ രണ്ടാമനായ രവി സിന്‍ഹ ഏഴു വര്‍ഷമായി ഓപ്പറേഷന്‍സ് വിഭാഗം മേധാവിയാണ്. 1988 ബാച്ച് ഛത്തീസ്ഗഡ് കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്.

സാമന്ത് ഗോയലിന്റെ കാലാവധി ജൂണ്‍ 30-ന് അവസാനിക്കും. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തേക്കാണ് സിന്‍ഹയുടെ നിയമനം. റോയില്‍ ഇന്റലിജന്‍സ് വിവരശേഖരണത്തിനായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ രവി സിന്‍ഹയുടെ പങ്ക് നിര്‍ണായകമാണ്. സിഖ് തീവ്രവാദവും മണിപ്പുരിലെ വംശീയ പ്രശ്നങ്ങളും ദേശീയ സുരക്ഷയ്ക്കുതന്നെ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് -സാങ്കേതിക- ഓപ്പറേഷന്‍സ് മേഖലയില്‍ വൈദഗ്ധ്യമുള്ള രവി സിന്‍ഹയുടെ പുതിയ നിയമനം.

ജമ്മു-കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വംശീയ പ്രശ്നങ്ങള്‍, മാവോയിസ്റ്റ്-നക്സല്‍ തീവ്രവാദം തുടങ്ങിയ സങ്കീര്‍ണമായ വിഷയങ്ങളില്‍ സൂക്ഷ്മമായ ധാരണയുള്ളയാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷല്‍ സെക്രട്ടറിയാണ് രവി സിന്‍ഹ. 2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ടു വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *