ന്യൂഡല്‍ഹി: പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവെഗൗഡ. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളതെന്നും അല്ലാതെ അത് ആര്‍ എസ് എസിന്റെയോ ബി ജെ പിയുടെയോ ഓഫീസ് അല്ലെന്നും പറഞ്ഞാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചത്. ഇത് ആരുടെയെങ്കിലും വ്യക്തിപരമായ വിഷയമല്ലെന്നും ദേവെഗൗഡ പറഞ്ഞു. മുന്‍ പ്രധാന മന്ത്രിയെന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകുമെന്ന് ജനതാദള്‍ എസ് നേതാവ് വ്യക്തമാക്കി.21 പ്രതിപക്ഷ കക്ഷികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ജനതാദള്‍ നേതാവ് രംഗത്തെത്തിയത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ മാറ്റിനിര്‍ത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണ നീക്കം.അതേസമയം, 18 എന്‍ ഡി എ സഖ്യ കക്ഷികളുള്‍പ്പെടെ 25 പാര്‍ട്ടികള്‍ ഉദ്ഘാടനത്തില്‍ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.’പാര്‍ലിമെന്റിന്റെ ഇരു സഭകളെയും പ്രതിനിധീകരിച്ചിട്ടുള്ള ആളാണ് താന്‍. ഭരണഘടനാ ചട്ടക്കൂട്ടിനുള്ളില്‍ നിന്നാണ് എം പിയായി പ്രവര്‍ത്തിച്ചത്. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിച്ചാണ് മുന്നോട്ടു പോയത്.’ അതിനാല്‍ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല.’- ദേവെഗൗഡ വിശദീകരിച്ചു.
പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ദേവെഗൗഡ.
