ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ലോകത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് ക്വാഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷത്തെ ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകും. ഇന്തോപസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ കഴിയുന്ന സുപ്രധാന ശക്തിമായി ക്വാഡ് വളർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകവും ജനാധിപത്യപരവുമായ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് സഖ്യം മുന്നോട്ട് പോകുന്നത്. മനുഷ്യരാശിയുടെ സമൃദ്ധിക്ക് വേണ്ടി പ്രവർത്തനം തുടരും. അടുത്ത വർഷം ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നതിൽ സന്തോഷമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.(India will host quad summit 2024)
ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യു.എസ്. എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് യോഗം ചേർന്നത്. ജി സെവൻ ഉച്ചകോടിക്കിടെ യുക്രൈൻ പ്രസിഡന്റ് വ്ലാദമിർ സെലൻസ്കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരുമായും മോദി സൌഹൃദം പങ്കിട്ടു. ഹിരോഷിമയിൽ മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. ചൈനയും റഷ്യയും ഉയർത്തുന്ന ഭീഷണികൾ മറികടന്ന്, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനുമുള്ള പൊതുസമീപനത്തിന് ജി സെവൻ രാജ്യങ്ങൾ അംഗീകാരം നൽകി.
പ്രതിസന്ധികളെ നേരിടാൻ പത്തിന നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. നിർമിത ബുദ്ധിയുടെ സുരക്ഷിതമായ ഉപയോഗത്തിന് ആഗോളതലത്തിൽ ഏകീകൃത സാങ്കേതിക മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും ജി 7 ആഹ്വാനം ചെയ്തു

