കണ്ണൂർ : സഹായാഭ്യർത്ഥനയുമായി സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ കഴിഞ്ഞില്ലെന്നും ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സർക്കാർ അടിയന്തര സഹായം നൽകണം എന്നും ഇവർ ആവശ്യപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്.
ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആൽബർട്ട് അഗസ്റ്റിൻ. 48 വയസായിരുന്നു. സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിൻ. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.




