ഇസ്താംബുള്‍: തുര്‍ക്കി ഭൂകമ്പപ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 128 മണിക്കൂറിനു ശേഷം രക്ഷിച്ച ”അത്ഭുതക്കുഞ്ഞി”ന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് യുക്രൈന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലൂടെ കോടിക്കക്കണക്കിനു മനുഷ്യഹൃദയങ്ങളെ കീഴടക്കിയ ഈ കുഞ്ഞിന്റെ അമ്മ മരിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അതു ശരിയല്ലായിരുന്നെന്ന യുക്രൈന്‍ മന്ത്രി ആന്റണ്‍ ഗെരാഷ്‌ചെങ്കോവിന്റെ ട്വീറ്റാണ് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്.
”128 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കഴിഞ്ഞ കുഞ്ഞിന്റെ ചിത്രം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. കുഞ്ഞിന്റെ അമ്മ മരിച്ചെന്നാണു റിപ്പോര്‍ട്ട്. പക്ഷേ അവര്‍ ജീവിച്ചിരിപ്പുണ്ട്. ആ അമ്മ മറ്റൊരാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
54 ദിവസത്തെ ഇടവേള കഴിഞ്ഞ് ഡി.എന്‍.എ. പരിശോധനയ്ക്കുശേഷം അമ്മയും കുഞ്ഞുമിപ്പോള്‍ വീണ്ടും ഒരുമിച്ചാണ്.” പഴയ ചിത്രത്തോടൊപ്പമുള്ള ട്വീറ്റില്‍ മന്ത്രി കുറിച്ചു. ഈ കുറിപ്പും വന്‍തോതിലുള്ള ജനപ്രീതിയാണു നേടിയിരിക്കുന്നത്. 51 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ട്വീറ്റ് കണ്ടുകഴിഞ്ഞു. മറ്റൊരത്ഭുതം എന്നാണ് നെറ്റിസണ്‍സ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഹാതെ പ്രവിശ്യയില്‍നിന്നാണ് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയത്. 128 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞെങ്കിലും ശിശുവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മാതാവ് യാസെം ഭൂകമ്പത്തില്‍ മരിച്ചെന്നായിരുന്നു അനുമാനം. എന്നാല്‍, പരുക്കേറ്റ നിലയില്‍ മാതാവ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഡി.എന്‍.എ. ഫലം പുറത്തുവന്നതിനുപിന്നാലെ അദാനയിലെ ആശുപത്രിയിലെത്തി കുഞ്ഞിനെ അധികൃതര്‍ അമ്മയ്ക്കു െകെമാറി.
രണ്ടുപേരും ദുരന്തത്തെ അതിജീവിച്ചതിലും വീണ്ടും ഒരുമിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് വാര്‍ത്ത പങ്കിട്ടതിനു നന്ദി അറിയിച്ചുകൊണ്ട് ഒരാള്‍ പ്രതികരിച്ചു. സങ്കടകരമായ കഥയ്ക്കു മനോഹരമായ അന്ത്യമെന്ന് മറ്റൊരാളും എഴുതി. കുഞ്ഞിനെ നോക്കാനും ശിഷ്ടകാലം സന്തോഷകരമായി ആസ്വദിക്കാനും അമ്മയ്ക്ക് ആരോഗ്യമുണ്ടെന്നു പ്രതീക്ഷിക്കുന്നതായാണ് വേറൊരാള്‍ കുറിച്ചിരിക്കുന്നത്.
2023 ഫെബ്രുവരി ആറിനാണ് തുര്‍ക്കിയില്‍ അമ്പതിനായിരത്തോളം ആളുകളുടെ ജിവനെടുത്ത വന്‍ ഭൂകമ്പമുണ്ടായത്. ദിവസങ്ങള്‍ക്കുശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നു കണ്ടെത്തിയ കുഞ്ഞിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

