ദില്ലി: അബ്ദുൾ നാസർ മഅദനി നൽകിയ ഹർജി സുപ്രീംകോടതി 2023 ഏപ്രിൽ 13ലേക്ക് മാറ്റി. ജാമ്യ വ്യവസ്ഥകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാണ് മദനി ഹർജി നൽകിയത്. വിചാരണയുടെ അന്തിമ വാദം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ മഅദനി ബംഗ്ലൂരുവിൽ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന കർണാടക സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി മാറ്റിയത്.
കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മഅദനിയുടെ ഹർജിയിലെ പ്രധാനആവശ്യം. തനിക്ക് ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് വിചാരണ നടപടിയിലേക്കു കടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ലെന്നും ഹർജിയിൽ പറയുന്നു.
വിശദമായ വാദം കേൾക്കാൻ വേണ്ടിയായിരുന്നു ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് 2023 മാർച്ച് 27 ലേക്ക് മാറ്റിയത്. ഹർജിയിൽ അബ്ദുൾ നാസർ മഅദനിയ്ക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ ഹാജരായി.

