റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മനീഷ് സിസോദിയ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

March 7, 2023 - 11:35 am

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രത്യേക കോടതി മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സി.ബി.ഐ കസ്റ്റഡിയിലായിരുന്ന സിസോദിയയെ ഇതോടെ തിഹാര്‍ ജയിലിലേക്ക് അയച്ചു. കസ്റ്റഡി അവസാനിച്ചതിനു പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് സിസോദിയയെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. സി.ബി.ഐ. കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യമെങ്കില്‍ പിന്നീട് ആവശ്യപ്പെടാമെന്നും ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി എം.കെ. നാഗ്പാല്‍ ആം ആദ്മി നേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

സിസോദിയയ്ക്കു വൈദ്യപരിശോധനയ്ക്കിടെ നിര്‍ദേശിച്ച മരുന്നുകള്‍ കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കി. ഒരു ജോഡി കണ്ണട, ഒരു ഡയറി, പേന, ഭഗവദ്ഗീത എന്നിവ കൈവശം വയ്ക്കാനും അനുവാദമുണ്ട്. സിസോദിയയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച്, അദ്ദേഹത്തെ ധ്യാനമുറിയില്‍ പാര്‍പ്പിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു.

ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി നല്‍കിയശേഷമാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അറസ്റ്റിനു പിന്നാലെ അമ്പത്തിയൊന്നുകാരനായ സിസോദിയ ഉപമുഖ്യമന്ത്രിപദം രാജിവച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *