ലഖ്‌നോ: ഉടമയുടെ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിനിറം പൂശിയത് വിവാദമായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരത്തിലാണ് സംഭവം. തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കെട്ടിടഉടമ പരാതിയുമായി രംഗത്തെത്തിയിരുന്നു. കാവിനിറം പൂശുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അധിക്ഷേപിച്ചതായും അദ്ദേഹം പരാതിയില്‍ പറയുന്നു.
‘ഈ ഗുണ്ടായിസം എത്രമാത്രം വളര്‍ന്നുവെന്നു നോക്കൂ’ എന്ന് ദൃക്സാക്ഷികളിലൊരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘ഞാന്‍ നിര്‍ത്താന്‍ പറയുമ്പോള്‍ നിങ്ങള്‍ നിര്‍ത്തണ’മെന്നു പറയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍, ഇതൊന്നും മൈന്‍ഡ് ചെയ്യാതെ വീടിന്റെ പുറംഭാഗം മുഴുവന്‍ പെയിന്റടിച്ച് ആളുകള്‍ മടങ്ങുകയായിരുന്നു.
സംഭവത്തില്‍ പ്രയാഗ് രാജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശര്‍വാണിയാണ് കേസിലെ പ്രധാന പ്രതി. എന്നാല്‍, ഇതില്‍ കാവിനിറം മാത്രമല്ല. പച്ചയും ചുവപ്പും ചോക്കലേറ്റ് നിറവുമെല്ലാം നിങ്ങള്‍ക്കു കാണാന്‍കഴിയുമെന്നാണ് മന്ത്രിയുടെ വിശദീകരണം.




