യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി നടത്തുന്നത് വിചിത്രമായ ആരോപണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആര്‍.എസ്.എസ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയുടെ പേരില്‍ യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇന്ധനസെസ്, വിലക്കയറ്റമടക്കം വിവിധ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവിന്റെ ഭാഗമാണ് പുതിയ ആരോപണം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടായിരുന്നത് സി.പി.എമ്മിനാണ്. ഈ വിഷയത്തിന് ഇപ്പോള്‍ തീ കൊളുത്തിവിട്ടാല്‍ അത് വാണം പോലെ പോയേക്കാം എന്നാണ് അവരുടെ വിചാരം. 42 വര്‍ഷമായി ഇടത് മുന്നണിയുടെ കൂടെ സഖ്യത്തിലിരുന്നവരാണ് ജമാഅത്തുകാര്‍. അപ്പോള്‍ അവരെ എതിര്‍ക്കുക മാത്രമല്ല അവര്‍ക്കെതിരെ മത്സരിച്ച് വിജയിച്ചവരാണ് യു.ഡിഎഫുകാര്‍. മലപ്പുറത്തെ വിവിധ പഞ്ചായത്തുകളില്‍ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ലീഗിനെതിരെ സി.പി.എം മത്സരിച്ചു. സാമ്പാര്‍ മുന്നണി എന്ന പേര് വീണത് തന്നെ അങ്ങനെയാണ്. എത്രയോ കാലമായി ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു ജമാഅത്തെ ഇസ്ലാമി. എന്നിട്ടിപ്പോള്‍ വാദി പ്രതിയായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ സാഹചര്യം പരിഗണിച്ച് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ യു.ഡി.എഫിന് സ്വയം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

അതൊന്നും രാഷ്ര്ടീയ സഖ്യമല്ല. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയുമായി പാണക്കാട് സാദിഖലി തങ്ങള്‍ വേദി പങ്കിട്ടത് യാദൃശ്ചികമാണ്. സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം വേദി പങ്കിട്ടു എന്നത് ദുഷ്പ്രചാരണമാണ്. സമസ്തയുമായി നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. സമസ്തയുടെ തീരുമാനങ്ങളെ മുസ്ലിം ലീഗോ പാണക്കാട് കുടുംബമോ തള്ളിപ്പറയില്ല. ഏതെങ്കിലും കാര്യങ്ങളില്‍ ഭിന്നത ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്തു പരിഹരിക്കും. മാദ്ധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകളാണ് നടത്തുന്നതെന്നും ഇത് ജനം പരിഹാസത്തോടെ തള്ളുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →