കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമ‍ർശിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കൾ

ദില്ലി: സമൂഹത്തിൻറെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി അഭിപ്രായപ്പെട്ടു. രണ്ട് കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസുരക്ഷാ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് എം എ യൂസഫലിയുടെ അഭിപ്രായം.

അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കൾ ബജറ്റിനെ രൂക്ഷമായി വിമ‍ർശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എയിംസ്, റെയിൽ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും ഫെഡറൽ സാമ്പത്തിക തത്വങ്ങൾ കേന്ദ്രം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

കണക്കുകൾ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന മോദി സർക്കാരിൻറെ മുഖമുദ്രയാണ് ബജറ്റിലുമുള്ളതെന്നും സതീശൻ വിവരിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സർക്കാർ ഈ ബജറ്റിലൂടെയും ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികൾക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ച് ദയാവധം നടത്തിയെന്നാണ് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ അഭിപ്രായപ്പെട്ടത്. പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

എന്നാൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബജറ്റിനെ വാഴ്ത്തിയാണ് രംഗത്തെത്തിയത്. നവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചതെന്നാണ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →