ഭുവനേശ്വര്‍: കരുത്തരായ ജര്‍മനിയും ഹോളണ്ടും ഹോക്കി ലോകകപ്പ് സെമി ഫൈനലില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ജര്‍മനി സെമി ഉറപ്പിച്ചത്. ഷൂട്ടൗട്ടില്‍ നാല് അവസരങ്ങളും ജര്‍മനി വലയിലെത്തിച്ചപ്പോള്‍ ഇംഗ്ലണ്ടിന് രണ്ടുവട്ടം മാത്രമേ ലക്ഷ്യം കാണാന്‍ കഴിഞ്ഞുള്ളൂ. നിശ്ചിത സമയം ഇരുടീമുകളും രണ്ടു ഗോള്‍വീതം അടിച്ചതോടെയാണു ജേതാക്കളെ ഷൂട്ടൗട്ടില്‍ നിര്‍ണയിച്ചത്. പിന്നില്‍നിന്നു പൊരുതിക്കയറിയാണ് ജര്‍മനി നിശ്ചിത സമയം ഇംഗ്ല ണ്ടിനെ പിടിച്ചുകെട്ടിയത്. അവസാന മിനിറ്റില്‍ ഗ്രാംബുഷ് സഹോദരന്മാര് ജര്‍മനിക്കു ജീവശ്വാസം നല്കി. വലാസ് സാക്കറി, അല്സെല് ലിയാം എന്നിവരുടെ ഗോളുകളില്‍ ഇം ണ്ട് വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ അവസാനപാദത്തില്‍ മത്സരം അവസാനിക്കാന്‍ മിനിറ്റുകളുള്ളപ്പോള്‍ ഗ്രാംബുഷ് മാറ്റ്സ്, ഗ്രാംബുഷ് ടോം എന്നിവരുടെ ഗോളുകള്‍ ജര്‍മനിയുടെ തലവരമാറ്റി. സെമിയില്‍ ഓസ്ട്രേലിയയാണ് ജര്‍മനിയുടെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയയെ 5-1 ന് തകര്‍ത്താണ് ഹോളണ്ട് അവസാന നാലിലെത്തിയത്. ബെല്‍ജിയമാണ് സെമിയില്‍ ഹോളണ്ടിന്റെ എതിരാളികള്‍.
ഹോക്കി ലോകകപ്പ്: ജര്‍മനി, ഹോളണ്ട് സെമിയില്‍
