പി.എഫ്.ഐ. ഹര്‍ത്താല്‍ കേസ്: 208 കേന്ദ്രങ്ങളില്‍ കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി

തിരുവനന്തപുരം: പി.എഫ്.ഐ. ഹര്‍ത്താല്‍ കേസില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.രാജന്‍. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം ലഭിച്ച സാഹചര്യത്തിലാണിത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. ഹര്‍ത്താല്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും ഭാരവാഹികളുടെ വീടുകളിലുമടക്കം 208 കേന്ദ്രങ്ങളില്‍ റവന്യൂ വകുപ്പ് കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു.

വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കും. ജപ്തി നോട്ടീസ് നല്‍കിയിട്ടുള്ളവര്‍ക്ക് വീടൊഴിയാന്‍ സമയം അനുവദിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിലെ 36-ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലാക്കുന്ന നടപടികളാണു പുരോഗമിക്കുന്നത്. വീടിന്റെയും സ്ഥലത്തിന്റെയും വില നിര്‍ണയിച്ച ശേഷമാകും ലേല നടപടികളിലേക്കു നീങ്ങുക. കുടിശികത്തുക ഈടാക്കാനുള്ള വസ്തുക്കള്‍ മാത്രമേ ജപ്തി ചെയ്യൂ എന്നാണു വിവരം. ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ പട്ടിക തയാറാക്കി സ്ഥലത്ത് പതിക്കുകയും പകര്‍പ്പ് കുടിശികക്കാരനു കൈമാറുകയും ചെയ്യും. ചില ജില്ലകളിലെ ഏതാനും കേന്ദ്രങ്ങളില്‍ മാത്രമാണ് ഇനി നടപടികള്‍ ശേഷിക്കുന്നത്.

ഏതാനും ജില്ലകളില്‍ ജപ്തിചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ വിലനിര്‍ണയത്തിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും സ്ഥലത്തിന്റെ വില റവന്യൂ വകുപ്പുമാണു കണക്കാക്കുക. പി.എഫ്.ഐയുടെ മുതിര്‍ന്ന നേതാക്കളുടെയെല്ലാം സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍ പെടും. പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മലപ്പുറം മഞ്ചേരി നറുകരയിലെ 14 സെന്റും വീടും മുന്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നേതൃത്വം നല്‍കുന്ന നാഷനല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ മലപ്പുറം വാഴക്കാട്ടെ ഭൂമിയും കണ്ടുകെട്ടി.

തിരുവനന്തപുരം ജില്ലയിലെ നടപടികള്‍ വെള്ളിയാഴ്ചതന്നെ പൂര്‍ത്തിയായി. അഞ്ചു കേസുകളിലായി സ്ഥലങ്ങളാണ് പ്രധാനമായും ജപ്തി ചെയ്തത്. വിഴിഞ്ഞം പൂവാറില്‍ എലിത്തോപ്പ് കോയവീട്ടില്‍ ഫസലുദീന്റെ മൂന്നുസെന്റ് ഭൂമി ജപ്തിചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തകര്‍ത്ത കേസില്‍ ഫസലുദ്ദീന്‍ അറസ്റ്റിലായിരുന്നു. കൊല്ലം കരുനാഗപ്പള്ളിയില്‍ പി.എഫ്.ഐ. നേതാവ് അബ്ദുള്‍ സത്താറിന്റെ 18 സെന്റ് സ്ഥലവും വീടും തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍, പോലീസ് കാവലോടെ കണ്ടുകെട്ടി. ജപ്തിസമയത്ത് സത്താറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നു. കണ്ടുകെട്ടിയ സ്വത്ത് ലേലം ചെയ്യും. പി.എഫ്.ഐയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ അബ്ദുള്‍ സത്താറിനെ കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മുന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ കൊല്ലം കുലശേഖരപുരത്തുള്ള 18 സെന്റ് സ്ഥലവും വീടുമാണു കണ്ടുകെട്ടുക. അബ്ദുല്‍ സത്താറിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും ഇവിടെനിന്നു താമസം മാറി.

ഇടുക്കിയില്‍ തൊടുപുഴ, ഉടുമ്പഞ്ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലെ ആറിടങ്ങളിലായിരുന്നു ജപ്തി. പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന മുരിക്കാശേരി തുണ്ടിയില്‍ ടി.എ. നൗഷാദ് (4.99 സെന്റ്), കരിമണ്ണൂര്‍ വില്ലേജില്‍ ചെലവ് നൈനുകുന്നേല്‍ താഹ (8.65 സെന്റ്), കാരിക്കോട് വില്ലേജില്‍ മുണ്ടയ്ക്കല്‍ ഷിഹാബ് (3.9 സെന്റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലില്‍ നൗഷാദ് (1.5192 ഹെക്ടര്‍), കൂമ്പന്‍പാറ പീടികയില്‍ നവാസ് (14.99 സെന്റ്), പാമ്പാടുംപാറ വില്ലേജില്‍ മഠത്തില്‍ ഷഫീഖ് (37.05 സെന്റ്) എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എറണാകുളം ജില്ലയിലെ ആലുവയില്‍ പി.എഫ്.ഐ. പരിശീലനകേന്ദ്രമായിരുന്ന പെരിയാര്‍വാലി കാമ്പസ് സ്ഥിതി ചെയ്യുന്ന 68 സെന്റ്, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞുണിക്കര കരിമ്പായില്‍ അബ്ദുള്‍ ലത്തീഫിന്റെ മൂന്ന് സെന്റ്, ഉളിയന്നൂര്‍ കണ്ണംകുളത്ത് പി.എ. മുഹമ്മദിന്റെ അഞ്ച് സെന്റ്, കുന്നത്തേരി കാഞ്ഞിരത്തിങ്കല്‍ മന്‍സൂറിന്റെ മൂന്ന് സെന്റ്് എന്നീ വസ്തുക്കള്‍ ജപ്തിചെയ്തു. എന്‍.ഐ.എ. സെപ്റ്റംബര്‍ 29-നു നടത്തിയ റെയ്ഡില്‍ പെരിയാര്‍ വാലി കാമ്പസ് പൂട്ടി മുദ്രവച്ചിരുന്നു.

തൃശൂരില്‍ കുന്നംകുളത്ത് പഴുന്നാന സ്വദേശി അസീസ്, കേച്ചേരി ചിറനെല്ലൂര്‍ പട്ടിക്കര സ്വദേശി മുസ്തഫ, പെരുമ്പിലാവില്‍ താമസിക്കുന്ന ചിറനെല്ലൂര്‍ സ്വദേശി ഉസ്മാന്‍, പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങള്‍, വടുതല ഉള്ളിശ്ശേരി സ്വദേശി റഫീഖ് തുടങ്ങിയവരുടെയും പത്തനംതിട്ടയില്‍ ആനപ്പാറ സ്വദേശികളായ സാദിഖ്, നിസാര്‍ എന്നിവരുടെയും കോന്നി കുമ്മണ്ണൂര്‍ സ്വദേശി സബീറിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. പഴയന്നൂരില്‍ ബാങ്കും കെ.എസ്.എഫ്.ഇയും പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടം ജപ്തി ചെയ്തു. കണ്ണൂരില്‍ ഒരാളുടെ കാറാണു കണ്ടുകെട്ടിയത്. മലപ്പുറം ജില്ലയില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 126 സ്വത്തുവകകളില്‍ 89 എണ്ണം കണ്ടുകെട്ടി.
പാലക്കാട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിന്റെ പട്ടാമ്പി മരുതൂരിലെ 10 സെന്റ് ഭൂമി ജപ്തി ചെയ്തു. വയനാട്ടില്‍ ഒരാളുടേത് കൂട്ടുടമസ്ഥതയിലുള്ള സ്വത്തായതിനാല്‍ കണ്ടുകെട്ടാനായില്ലെന്നും രണ്ടുപേര്‍ക്ക് സ്വന്തം പേരില്‍ സ്വത്തൊന്നുമില്ലെന്നുമാണു റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയില്‍ എട്ടുപേരുടെ സ്വത്തുക്കളാണു കണ്ടുകെട്ടാനുള്ളത്. കണ്ണൂര്‍ താലൂക്കില്‍ രണ്ടിടത്ത് ജപ്തി പൂര്‍ത്തിയായി. മാവിലായിലെ നൗഷാദിന്റെ അഞ്ചുസെന്റും കടമ്പൂര്‍ സ്വദേശി കെ.വി. നൗഷാദിന്റെ രണ്ടര സെന്റും കണ്ടുകെട്ടി.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23 നായിരുന്നു മിന്നല്‍ ഹര്‍ത്താല്‍. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താല്‍ നടത്തിയതും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ആക്രമിച്ചു നശിപ്പിച്ചതും ഉള്‍പ്പെടെ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഹര്‍ത്താല്‍ അക്രമത്തില്‍ 5.26 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഈ തുക കോടതിയില്‍ കെട്ടിവയ്ക്കാത്ത സാഹചര്യത്തിലാണ് നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ പി.എഫ്.ഐ. ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ നടപടി നിര്‍ദേശിച്ച് ഉത്തരവിറക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →