ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളെ വെല്ലുവിളിച്ച് ഭീകരാക്രമണം. ജമ്മു നഗരഹൃദയത്തിലെ നര്‍വാള്‍ മേഖലയില്‍ ഇന്നലെ രാവിലെയുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഏഴുപേര്‍ക്കു പരുക്ക്. ഒരാളുടെ നില ഗുരുതരം.
നര്‍വാള്‍ ട്രാന്‍സ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡില്‍ അരമണിക്കൂറിന്റെ ഇടവേളയിലായിരുന്നു ഇരട്ട സ്ഫോടനം. വാഹനങ്ങളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ ആദ്യപൊട്ടിത്തെറിയുണ്ടായി. ഇതില്‍ അഞ്ചുപേര്‍ക്കു പരുക്കേറ്റു. മഹീന്ദ്ര ബൊലേറേയിലാണ് സ്ഫോടനമുണ്ടായതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ നടന്ന രണ്ടാമത്തെ സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാസേന ആളുകളെ ഒഴിപ്പിച്ച് പ്രദേശം വലയത്തിലാക്കി. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടാനുള്ള ശ്രമത്തിലാണു പോലീസ്. ആശുപത്രിയിലെത്തിച്ച പരുക്കേറ്റവരില്‍ ഗുരുതരനിലയിലുള്ളയാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഐ.ഇ.ഡി. ഉപയോഗിച്ചാണ് രണ്ടുവട്ടവും സ്ഫോടനം നടത്തിയതെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഭീകരസംഘടനയായ ലഷ്കറെ തോയ്ബയെയാണു സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത്. ജമ്മു കശ്മീരിലെ ജോഡോ യാത്രയുടെ പര്യടനം വെള്ളിയാഴ്ചയാണു തുടങ്ങിയത്. ജമ്മുവില്‍നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ചാഡ്വാള് പ്രവിശ്യയിലൂടെ പ്രയാണം തുടരുന്ന യാത്രയ്ക്ക് ഇന്നലെ വിശ്രമദിനമായിരുന്നു. അതിനിടെയാണ് സുരക്ഷാസേനയ്ക്കു തലവേദനയായി നര്‍വാളില്‍ ഇരട്ട സ്ഫോടനം നടന്നത്.
പഴയ വാഹനങ്ങളുടെയും വാഹനഘടകങ്ങളുടെയും വ്യാപാരകേന്ദ്രമാണ് സ്ഫോടനത്തിനായി ഭീകരര്‍ തെരഞ്ഞെടുത്തത്. ടയര്‍ കടകളടക്കം നിരവധി സ്ഥാപനങ്ങളുള്ള ഇവിടെ വാഹന അറ്റകുറ്റപ്പണിക്കടക്കം സദാസമയവും ആളുകളുടെയും വാഹനങ്ങളുടെയും തിരക്കാണ്. ഇത്തരത്തില്‍ അറ്റകുറ്റപ്പണിക്കെന്ന വ്യാജേനെയെത്തിച്ച വാഹനത്തില്‍ ബോംബുകള്‍ സ്ഥാപിച്ചാണ് ഭീകരര്‍ സ്ഫോടനം നടത്തിയതെന്നു സംശയിക്കുന്നു.
ഭാരത് ജോഡോ യാത്രയ്ക്കു സുരക്ഷാ ഭീഷണിയുണ്ടെന്ന് കഴിഞ്ഞദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ചിലയിടങ്ങളില്‍ പദയാത്രയ്ക്കുപകരം യാത്ര വാഹനത്തിലാക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിരുന്നു. ഈമാസം 23 നാണ് യാത്ര ജമ്മു പട്ടണത്തില്‍ പ്രവേശിക്കുന്നത്.

