ഖത്തറില്‍ ബോള്‍ കാരിയറായി മുഹമ്മദ് റയാനും

പറവണ്ണ(മലപ്പുറം): ലോകം ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറില്‍ 13 വയസുകാരനായ മലപ്പുറം പറവണ്ണയിലെ മുഹമ്മദ് റയാനും സ്ഥാനം പിടിച്ചു. ബോള്‍ കാരിയറായിട്ടാണ് മുഹമ്മദ് റയാന്‍ ലോകകപ്പ് ഗ്രൗണ്ടില്‍ ഇടം പിടിക്കുന്നത്.

കളിക്കുമുന്‍പ് റഫറിയുടെ കൂടെ ഗ്രൗണ്ടിലിറങ്ങി ഫുട്ബാള്‍താരങ്ങള്‍ക്ക് പന്ത് കൈമാറുന്നതിനുള്ള ഭാഗ്യമാണ് ഈ കുട്ടിക്ക് കൈവന്നിട്ടുള്ളത്. ക്യാപ്റ്റന്‍മാരുടെ കൈയിലാണു പന്ത് നല്‍കുക.മൂത്ത സഹോദരന്‍ മുഹമ്മദ് സയാനില്‍ നിന്നു ഫുട്‌ബോള്‍ പഠിച്ച റയാന് മികവു പുലര്‍ത്തിയതിനെത്തുടര്‍ന്ന് ഖത്തറിലെ പ്രമുഖ ക്ലബ്ബായ അല്‍സദ്ദ് ഫുട്ബാള്‍ ക്ലബ്ബിന്റെ അണ്ടര്‍ 15 ടീമില്‍ സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.

പറവണ്ണ സ്വദേശിയും മുന്‍ പ്രവാസിയുമായ കെ.പി.ഒ. സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകള്‍ ഷംലയുടെ രണ്ടാമത്തെ മകനാണ് 13 വയസുകാരനായ മുഹമ്മദ് റയാന്‍. ഖത്തറിലെ ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. മൂത്ത മകനായ മുഹമ്മദ് സയാന്‍ ഇതേ വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. തലക്കടത്തൂരിലെ കോടനിയില്‍ ഫിറോസ് ബാബുവാണ് ഇവരുടെ പിതാവ്. ഖത്തറില്‍ 20 വര്‍ഷമായി എന്‍ജിനീയറാണ്. കുടുംബസമേതം ഖത്തറിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →