ശ്രീനഗര്‍: ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി. ബുധനാഴ്ചയുണ്ടായ ആക്രമണത്തിനിടെയാണ് സിആര്‍പിഎഫ് ജവാന്മാര്‍ പിഞ്ചുകുഞ്ഞിനെ ബയണറ്റില്‍നിന്നു രക്ഷപ്പെടുത്തിയത്. ജമ്മു- കശ്മീരിലെ ബാരമുല്ല ജില്ലയിലെ സോപോറില്‍ പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിക്കുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടു. ബാഷിര്‍ അറമ്മദ് എന്ന ഇദ്ദേഹത്തിന്റെ ചെറുമകനായ മൂന്നുവയസ്സുകാരനെയാണ് ജീവന്‍ പോലും പണയംവച്ച് സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയത്.
മൂന്നു വയസ്സുകാരനുമായി വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു ബാഷിറിനു വെടിയേറ്റത്. മരണമടഞ്ഞ ഇയാളുടെ സമീപത്തിരുന്ന് നിലവിളിക്കുകയായിരുന്ന കുഞ്ഞിനെ സ്ഥലത്തെത്തിയ സൈന്യം ഭീകരരുടെ വെടിയേല്‍ക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു. ഭീകരുടെ ആക്രമണത്തിനു മുന്നില്‍നിന്ന് കുട്ടിയെയും ബാഷിര്‍ അറമ്മദിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ വീരമ്യത്യു വരിച്ചത്. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിവരുകയാണ്.

