മെക്സിക്കോ സിറ്റി: റെഡ് ബുള്ളിന്റെ ഹോളണ്ടുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപ്പന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ പുതു ചരിത്രം കുറിച്ചു. ലോക കിരീടം ഉറപ്പിച്ചതിനു പിന്നാലെ നടന്ന മെക്സിക്കോ ഗ്രാന്‍പ്രീ ജേതാവായതോടെ വെര്‍സ്റ്റാപ്പന്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റേസുകള്‍ ജയിക്കുന്ന ഡ്രൈവറായി. 13 റേസുകള്‍ വീതം നേടിയ മൈക്കിള്‍ ഷൂമാക്കര്‍, സെബാസ്റ്റിയന്‍ വെട്ടല്‍ എന്നിവരെയാണു വെര്‍സ്റ്റാപ്പന്‍ മറികടന്നത്. ഈ സീസണില്‍ ഇതിനകം 416 പോയിന്റുകള്‍ നേടിയ വെര്‍സ്റ്റാപ്പന്‍ ഒരു ഫോര്‍മുല വണ്‍ സീസണില്‍ ഒരു ഡ്രൈവര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റ് നേട്ടത്തിലും എത്തി. മെക്സിക്കന്‍ ഗ്രാന്‍പ്രീയില്‍ മെഴ്‌സിഡസിന്റെ മുന്‍ ലോകചാമ്പ്യന്‍ ബ്രിട്ടന്റെ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍ രണ്ടാമത് ഫിനിഷ് ചെയ്തു. ഹാമില്‍ട്ടണിനെക്കാള്‍ 15.186 സെക്കന്‍ഡ് മുന്നിലാണു വെര്‍സ്റ്റാപ്പന്‍ ഫിനിഷ് ചെയ്തത്. റെഡ് ബുള്ളിന്റെ നാട്ടുകാരനായ ഡ്രൈവര്‍ സെര്‍ജിയോ പെരസ് മൂന്നാമതും മെഴ്‌സിഡസിന്റെ ജോര്‍ജ് റസല്‍ നാലാമതുമെത്തി. ബജറ്റ് നിയമങ്ങള്‍ ലംഘിച്ചതിനു വന്‍ തുക പിഴയായി നല്‍കേണ്ടി വന്ന ക്ഷീണത്തിനിടെറെഡ് ബുള്ളിനു ഡച്ച് ഡ്രൈവറുടെ റെക്കോഡ് ഊര്‍ജമായി. പിഴയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം യോഗ്യതാ റൗണ്ട് ഏറെ വൈകിയാണു നടന്നത്.



