മോസ്‌കോ: സമാധാനചര്‍ച്ചകളില്‍നിന്നുള്ള യുക്രൈന്റെ പിന്മാറ്റം അമേരിക്കയുടെ സമ്മര്‍ദഫലമായാണെന്ന് റഷ്യ. അധിനിവേശത്തിനു പിന്നാലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ യുക്രൈന്റെ പിന്മാറ്റത്തോടെ നിശ്ചലമായെന്നും റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനാണ് ആരോപണം ഉന്നയിച്ചത്.സൈനികനീക്കം പുരോഗമിക്കുന്നതിനിടെ മറുവശത്ത് സമാധാന ദൗത്യവും സജീവമായിരുന്നു. മാര്‍ച്ചില്‍ ചര്‍ച്ചയ്ക്ക് ഇരുപക്ഷവും സന്നദ്ധമായിരുന്നെങ്കിലും പൊടുന്നനെ യുക്രൈന്‍ പിന്മാറുകയായിരുന്നു. ഇതിനു പിന്നില്‍ വാഷിങ്ടണില്‍നിന്നുള്ള ”ഉത്തരവാ”ണെന്ന് പുടിന്‍ ആരോപിച്ചു. എട്ടുമാസം നീണ്ട യുദ്ധം തുടരുന്നതിനു പിന്നില്‍ അമേരിക്കയ്ക്കു നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നു സൂചിപ്പിച്ചായിരുന്നു പുടിന്റെ ആക്ഷേപം.അതിനിടെ യുക്രൈന്റെ യുദ്ധതന്ത്രങ്ങള്‍ക്കു സഹായമൊരുക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ തകര്‍ക്കാന്‍ മടിക്കില്ലെന്നു റഷ്യ മുന്നറിയിപ്പു നല്‍കി. യുക്രൈന്‍ മണ്ണിലെ നീക്കങ്ങള്‍ മനസിലാക്കുന്നതില്‍ പാശ്ചാത്യ ശക്തികളുടെ പരോക്ഷ പിന്തുണ യുക്രൈനു തുണയാകുന്നുണ്ട്. ആ കണ്ണി മുറിക്കാന്‍ ഏതറ്റം വരെയുംപോകും. പാശ്ചാത്യ സാറ്റെലെറ്റുകള്‍ നിലത്തുവീഴ്ത്താനും മടിക്കില്ല- റഷ്യന്‍ വിദേശകാര്യ വകുപ്പ് ഉന്നതോദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കി.



