കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ‘ശ്രീദേവി’ എന്ന പേരിൽ വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈൽ കൈകാര്യം ചെയ്തിരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചതായി ഭാര്യ നഫീസയുടെ മൊഴി. 2022 സെപ്റ്റംബർ 26ന് വീട്ടിൽ ഷാഫിയുമായി ഉണ്ടായ വഴക്കിനേത്തുടർന്ന് ഫോൺ എറിഞ്ഞുപൊട്ടിച്ചെന്നാണ് മൊഴി. ഷാഫി അടുത്തിടെ 40,000 രൂപ ഏൽപ്പിച്ചിരുന്നതായി നഫീസ സമ്മതിച്ചു. വണ്ടി വിറ്റു കിട്ടിയതെന്നാണ് പറഞ്ഞിരുന്നതെന്നും അവർ വെളിപ്പെടുത്തി. ഈ പണമുപയോഗിച്ച് മകളുടെ പണയംവച്ച സ്വർണം എടുത്തതായും അവർ പൊലീസിനു മൊഴി നൽകി.
മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ ഏതാണ്ട് ആറു മണിക്കൂറോളം നീണ്ട വിശദമായ പരിശോധനയാണ് പോലീസ് നടത്തിയത്. 2022 ഒക്ടോബർ 14 വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്. കേസുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഷാഫിയുടെ ഭാര്യയോടും മക്കളോടും ചോദിച്ചറിഞ്ഞു. ഒപ്പം വീട്ടിൽ നിന്ന് കേസിൽ നിർണായകമായ സ്വർണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പോലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച് ഇലന്തൂരിലെത്തിച്ച സ്‌കോർപ്പിയോ കാർ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞിരുന്നു.
കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ് ശേഖരണത്തിനായിരുന്നു പോലീസ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ പരിശോധനയ്ക്ക് ഷേണായീസ് തീയേറ്ററിന് സമീപമുള്ള ഷാഫിയുടെ ഹോട്ടലിലും പോലീസ് പരിശോധന നടത്തി. മൂന്ന് പ്രതികളെയും പോലീസ് ക്ലബ്ബിൽ ഒന്നിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു. ഇതിൽനിന്നും നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ശ്രീദേവി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവൽ സിങ്ങുമായി അടുപ്പം തുടങ്ങിയത്. 68-കാരനായ ഭഗവൽ സിങ് വീണുപോയ ശ്രീദേവിയെന്ന അക്കൗണ്ട് മുഹമ്മദ് ഷാഫി തുടങ്ങുന്നത് 2019-ലാണ്. ഇതിലെ ചാറ്റുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റാരെങ്കിലും ഷാഫിയുടെ വലയിൽ കുരുങ്ങിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

