ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിൽ പേരെടുത്ത് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : ഗവർണർക്ക് ആർഎസ്എസ് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു. 2022 സെപ്തംബര് 19ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും പറയരുതെന്ന് പിണറായി തിരിച്ചടിച്ചു. ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്. കമ്യൂണിസ്റ്റുകാർ കയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോയെന്നാണ് ആർഎസ്എസ് ശ്രമിക്കുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു.ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ പുകഴ്ത്തി പറയുന്നത്.

ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. അതിന്റെ ഭാഗമായി വ്യത്യസ്തമായ പാർട്ടികൾ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ള ഒരാൾ വ്യക്തിപരമായി അഭിപ്രായം പറയുന്നൊരു രീതിയല്ല, ഗവർണർ പദവിയിലിരുന്ന് പറഞ്ഞാലുണ്ടാകുക. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്ത്തി കാണിക്കാൻ വല്ലാതെ പാടുപെട്ടുകൊണ്ട് പറയുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടി കയ്യൂക്ക് കൊണ്ടാണത്രേ കാര്യങ്ങൾ കാണുന്നത്. എങ്ങനെയാണ് ഗവർണറങ്ങനെ പറയുക? കേരളത്തിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രം അദ്ദേഹം ഉൾക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നു. ക്രൂരമായി വേട്ടയാടപ്പെട്ടു. വീടുകളിൽ കയറി അമ്മ പെങ്ങന്മാരെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. മനുഷ്യത്വ ഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തിൽ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വർഷം കഴിയും മുന്നേയാണ് 1957 ൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്.

ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാകരൻ മനസിക്കേണ്ട കാര്യം അതിന്റെ പിന്നിലുള്ള വർഷങ്ങളെടുത്താൽ അതിനീചമായ വേട്ടയ്ക്ക് കമ്യൂണിസ്റ്റ്കാർ ഇരയായിരുന്നു. പക്ഷേ ആ വേട്ടക്കാർക്ക് ഒപ്പമല്ല ജനം നിന്നതെന്ന് മനസിലാക്കണം. വേട്ടക്കാരെയല്ല അന്ന് ജനം അധികാരത്തിലേറ്റിയത്. ഇരകളായ കമ്യൂണിസ്റ്റുകാരെയാണെന്നും പിണറായി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →