ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ 19/09/22 തിങ്കളാഴ്ച നടക്കും. ലോകമെമ്പാടുമുള്ള വിഐപികളുടെ സാന്നിദ്ധ്യം ചടങ്ങിനെ സമ്പന്നമാക്കും. 19/09/22 തിങ്കളാഴ്ച രാവിലെ 10.44 നാണ് രാജ്ഞിയുടെ ശവമഞ്ചം വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബേയിലേക്ക് കൊണ്ടുപോകുക. വെസ്റ്റ്മിൻസ്റ്റർ ആബേയിൽ 11 മണിയോടെ മരണാനന്തര ശുശ്രൂഷ ചടങ്ങുകൾ തുടക്കമാകും.
ഇവിടെനിന്ന് 12.15ന് രാജ്ഞിയുടെ ശവമഞ്ചവും പേറിയുള്ള ഘോഷയാത്ര വെല്ലിങ്ടൺ ആർച്ച് (ഹൈഡ് പാർക്ക് കോർണർ )ലേക്ക് തിരിക്കും. ബ്രോഡ് സാങ്ച്വറി, പാർലമെന്റ് സ്ക്വയർ , വൈറ്റ് ഹോൾ, ദി മാൾ, കോൺസ്റ്റിറ്റ്യൂഷൻ ഹിൽ ഇവിടങ്ങളിലൂടെയാകും ഘോഷയാത്ര കടന്നു പോകുക. രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ തൽസമയം വീക്ഷിക്കുന്നതിനായി വിവിധ ഇടങ്ങളിൽ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ബ്രിട്ടനിൽ 19/09/22 തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കിംഗ് ജോർജ് ആറാമൻ സ്മാരക ചാപ്പലിൽ അന്തരിച്ച ഭർത്താവിന്റെ ശവകുടീരത്തിന് സമീപമാണ് രാജ്ഞിയെ സംസ്കരിക്കുന്നത്.
രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനു മായി ലോകമെമ്പാടുമുള്ള നേതാക്കളും മറ്റ് പ്രമുഖരും ലണ്ടനിൽ എത്തിയിട്ടുണ്ട്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ജനങ്ങളുടെ നീണ്ട നിരയാണ്. ലണ്ടനിലെ ഹൈഡ് പാർക്ക് , ഷെഫീൽഡ് കത്തീഡ്രൽ സ്ക്വയർ ,ബർമിങ് ഹാമിലെ സെന്റിനറി സ്ക്വയർ, കാർലിസ് ഹൈഡ് പാർക്ക്, ഹോളി റൂഡ് പാർക്ക്, വടക്കൻ അയർലണ്ടിലെ കോളറൈൻ ടൗൺ ഹാൾ, സിനിമ തീയറ്ററുകൾ എന്നിവിടങ്ങളിലും ചടങ്ങുകൾ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.



